കേവല ഭൂരിപക്ഷം പിന്നിട്ട് തൃണമൂലിന്‍റെ ലീഡ്; പക്ഷേ മമത പിന്നില്‍

തൃണമൂലിനെ ഞെട്ടിച്ച് മമത ബാനര്‍ജി നന്ദിഗ്രാമില്‍ പിന്നിലാണ്

Update: 2021-05-02 06:03 GMT

പശ്ചിമ ബംഗാളില്‍ വോട്ടെണ്ണല്‍ പുരോഗമിക്കവേ ലീഡ് നിലയില്‍ കേവല ഭൂരിപക്ഷം കടന്ന് തൃണമൂല്‍ കോണ്‍ഗ്രസ്. 294 സീറ്റില്‍ 160ല്‍ അധികം സീറ്റില്‍ തൃണമൂല്‍ മുന്നേറുകയാണ്. രാവിലെ 11 മണി വരെ ബിജെപി മുന്നേറുന്നത് 122 സീറ്റിലാണ്. ഇടത് - കോണ്‍ഗ്രസ് സഖ്യം ചിത്രത്തിലേ ഇല്ല. പക്ഷേ തൃണമൂലിനെ ഞെട്ടിച്ചുകൊണ്ട് മമത ബാനര്‍ജി നന്ദിഗ്രാമില്‍ പിന്നിലാണ്. രണ്ട് റൗണ്ട് വോട്ടെണ്ണൽ പൂര്‍ത്തിയായപ്പോള്‍ മമതയുടെ പഴയ വിശ്വസ്തനും ബിജെപി സ്ഥാനാര്‍ഥിയുമായ സുവേന്ദു അധികാരിയാണ് ഇവിടെ ലീഡ് ചെയ്യുന്നത്.

മുഖ്യമന്ത്രി മമതാ ബാനർജിയുടെ നേതൃത്വത്തിൽ തൃണമൂൽ കോൺഗ്രസും പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുടെ നേതൃത്വത്തിൽ ബിജെപിയും നേർക്കുനേർ പോരടിച്ച തെരഞ്ഞെടുപ്പാണ് ഇത്തവണത്തേത്.

Advertising
Advertising

പക്ഷേ ബംഗാളില്‍ ബിജെപി നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റുകളുടെ എണ്ണത്തില്‍ വന്‍മുന്നേറ്റമാണ് നടത്തുന്നത്. 2016ലെ തെരഞ്ഞെടുപ്പില്‍ 291 സീറ്റില്‍ മത്സരിച്ച ബിജെപി മൂന്ന് സീറ്റില്‍ മാത്രമാണ് ജയിച്ചത്. നേടിയത് 10.16 ശതമാനം വോട്ടും. പക്ഷേ 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പ് ആയപ്പോഴേക്കും ബിജെപി വോട്ട് ശതമാനം 40.3 ആയി ഉയര്‍ത്തി. ആകെയുള്ള 42 സീറ്റുകളില്‍ 18 സീറ്റുകള്‍ പിടിച്ചെടുക്കുകയും ചെയ്തു. ഈ ആത്മവിശ്വാസത്തോടെയാണ് ബിജെപി അങ്കത്തിനിറങ്ങിയത്.

2016ല്‍ 211 സീറ്റില്‍ ജയിച്ചാണ് തൃണമൂല്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്. 293 സീറ്റിലാണ് തൃണമൂല്‍ മത്സരിച്ചത്. സിപിഎം 148 സീറ്റില്‍ മത്സരിച്ചപ്പോള്‍ 26 ഇടത്ത് ജയിച്ചു. കോണ്‍ഗ്രസാകട്ടെ 92 സീറ്റില്‍ മത്സരിച്ചിട്ട് 44 സീറ്റുകളിലാണ് ജയിച്ചത്. പക്ഷേ ഇത്തവണ കോണ്‍ഗ്രസ് - സിപിഎം സഖ്യം നേരിടുന്നത് കനത്ത തിരിച്ചടിയാണ്.

Tags:    

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News