ഇന്ത്യയില്‍ മൂന്ന് ലക്ഷം കടന്ന് കോവിഡ്; ലോകത്തെ തന്നെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്ക്

ഇതിന് മുന്‍പ് ലോകത്ത് അമേരിക്കയില്‍ മാത്രമാണ് ഒരു ദിവസം മൂന്ന് ലക്ഷത്തിലേറെ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

Update: 2021-04-22 08:33 GMT

രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം മൂന്ന് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ  3,14,835 പേർക്ക് കോവിഡ് സ്ഥിരീകരിച്ചെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് മഹാമാരി ആരംഭിച്ചതിന് ശേഷം ലോകത്ത് ഒരു രാജ്യത്തുണ്ടാകുന്ന ഏറ്റവും കൂടിയ പ്രതിദിന രോഗബാധയാണിത്. ഇതിന് മുന്‍പ് അമേരിക്കയില്‍ മാത്രമാണ് ഒരു ദിവസം മൂന്ന് ലക്ഷത്തിലേറെ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഈ വര്‍ഷം ജനുവരി 2നായിരുന്നു ഇത്. 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ബാധിച്ച് 2104 പേര്‍ മരിച്ചു.

മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 67,468 പേര്‍ മഹാരാഷ്ട്രയില്‍ കോവിഡ് പോസിറ്റീവായി. 568 പേര്‍ മരിച്ചു. ഉത്തര്‍ പ്രദേശാണ് രണ്ടാമത്. 33,214 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു, 187 പേര്‍ മരിച്ചു. ഡല്‍ഹിയില്‍ 24638 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ചത്, 249 പേര്‍ മരിച്ചു. രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്‌ഗഡ്, ജാർഖണ്ഡ്, ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക, തമിഴ്നാട്, ബിഹാർ, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലും സ്ഥിതി മോശമാണ്. രാജ്യത്ത് 146 ജില്ലകളിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഉണ്ടെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. വാക്സിൻ സ്വീകരിച്ചവരിൽ രോ​ഗം സ്ഥിരീകരിക്കുന്നത് വളരെ കുറവാണെന്ന് ഐസിഎംആർ പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നു.

Advertising
Advertising

കോവിഡിന്‍റെ ആദ്യ ഘട്ടത്തില്‍ ഇന്ത്യയില്‍ പ്രതിദിന കേസുകള്‍ ഒരു ലക്ഷം പിന്നിട്ടിരുന്നില്ല. രണ്ടാം ഘട്ടത്തില്‍ ആദ്യം രണ്ട് ലക്ഷവും ഇപ്പോള്‍ മൂന്ന് ലക്ഷവും കടന്നിരിക്കുകയാണ്. ആശുപത്രി കിടക്കകള്‍ നിറഞ്ഞതും ഓക്സിജന്‍ ക്ഷാമവും വാക്സിന്‍ ക്ഷാമവുമെല്ലാം സ്ഥിതിഗതികള്‍ രൂക്ഷമാക്കുകയാണ്. ഇന്നലെ നാസികില്‍ ആശുപത്രിയിൽ ഓക്സിജൻ ടാങ്ക് ചോർന്ന് 22 രോഗികൾ മരിച്ചു. കോവിഡ് രോഗികൾക്കായി സജ്ജീകരിച്ച സക്കീർ ഹുസൈൻ ആശുപത്രിയിലാണ് സംഭവം. ടാങ്കിലേക്ക് ഓക്സിജൻ നിറയ്ക്കുന്നതിനിടെ വാൽവിലുണ്ടായ തകരാറാണ് അപകട കാരണം. സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഉത്തരവിട്ടു.

Tags:    

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News