അക്രമി സെയ്ഫിനെ പല തവണ ആഞ്ഞുകുത്തി, ആഭരണങ്ങൾ എടുത്തിട്ടില്ല : കരീന കപൂർ
വ്യാഴാഴ്ച്ച പുലർച്ചെ മൂന്ന് മണിയോടെയാണ് ബാന്ദ്ര വെസ്റ്റിലെ തന്റെ വീട്ടിൽ വെച്ച് നടൻ ആക്രമിക്കപ്പെടുന്നത്.
മുംബൈ : നടൻ സെയ്ഫ് അലിഖാനെ വീട്ടിൽ കയറി കുത്തി പരിക്കേൽപ്പിച്ച സംഭവത്തിൽ ഭാര്യ കരീന കപൂറിന്റെ മൊഴി രേഖപ്പെടുത്തി പൊലീസ്. അക്രമി സെയ്ഫിനെ ആവർത്തിച്ച് കുത്തിയെന്നും പുറത്തുവെച്ചിരുന്ന ആഭരണങ്ങൾ എടുത്തില്ലെന്നും കരീന പൊലീസിനോട് പറഞ്ഞു. ശനിയാഴ്ചയാണ് കരീന കപൂർ പൊലീസിന് മൊഴിനൽകിയത്.
സെയ്ഫ് ആക്രമിക്കപ്പെടുമ്പോള്‍ താൻ അവിടെ ഉണ്ടായിരുന്നെന്നും സൈഫുമായുള്ള മൽപിടിത്തത്തിൽ അക്രമി കൂടുതൽ അക്രമനാസക്തനായെന്നും പല തവണ ആഞ്ഞുകുത്തിയെന്നും കരീന പറഞ്ഞു. പരിക്കേറ്റ സെയ്ഫിനെ വേഗം ആശുപത്രിയില്‍ എത്തിക്കാനാണ് തങ്ങള്‍ നോക്കിയതെന്നും വീട്ടിൽനിന്ന് വിലപിടിപ്പുള്ള വസ്തുക്കളൊന്നും അക്രമി കൊണ്ടുപോയിട്ടില്ലെന്നും അവർ വ്യക്തമാക്കി.
വ്യാഴാഴ്ച്ച പുലർച്ചെ മൂന്ന് മണിയോടെയാണ് ബാന്ദ്ര വെസ്റ്റിലെ തന്റെ വീട്ടിൽ വെച്ച് നടൻ ആക്രമിക്കപ്പെടുന്നത്. ഗുരുതരപരിക്കേറ്റ് ലീലാവതി ആശുപത്രിയിൽ ചികിത്സയിലുള്ള താരം അപകടനില തരണംചെയ്തതായി ഡോക്ടർമാർ അറിയിച്ചിരുന്നു. താരത്തിന് ആറു കുത്തുകൾ ഏറ്റതായും അതിൽ രണ്ടെണം ആഴമേറിയതാണെന്നും ഡോകറ്റർമാർ അറിയിച്ചു. അതേസമയം, സംഭവം നടന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും പ്രതിയെ പിടികൂടാൻ പൊലീസിന് സാധിച്ചിട്ടില്ല. അക്രമിയെ പിടികൂടാൻ 35 ടീമുകളായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്. ആക്രമണവുമായി ബന്ധപ്പെട്ട് പൊലീസ് ഇതുവരെ 30 ലധികം മൊഴികൾ രേഖപ്പെടുത്തിയിട്ടുണ്ട്.