സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം: ഓരോ ദിവസവും വെവ്വേറെ വസ്ത്രത്തിൽ ചുറ്റിക്കറങ്ങി അക്രമി, വട്ടംകറങ്ങി മുംബൈ പൊലീസ്
ബാന്ദ്രയിൽ നിന്ന് യാത്ര ചെയ്യാൻ അക്രമി ട്രെയിനിൽ കയറിയിരിക്കാമെന്നാണ് മുംബൈ പോലീസ് അനുമാനിക്കുന്നത്
മുബൈ: നടൻ സെയ്ഫ് അലി ഖാനെ വീട്ടിൽ കയറി ആക്രമിച്ച പ്രതിയെ പിടികൂടാൻ രണ്ടുദിവസം പിന്നിട്ടിട്ടും സാധിക്കാതെ മുംബൈ പൊലീസ്. മുംബൈ വിട്ടുപോയിട്ടില്ലെങ്കിലും പ്രതി ഇടയ്ക്കിടെ വസ്ത്രം മാറുന്നുണ്ടെന്നാണ് വിവരം. ഏറ്റവും പുതിയതായി പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിൽ, മുൻപ് ധരിച്ചിരുന്നതിൽനിന്ന് വ്യത്യസ്തമായ വസ്ത്രമാണ് പ്രതി ധരിച്ചിരിക്കുന്നത്. ഇത് അന്വേഷണ സംഘത്തെ കുഴപ്പിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
പടിഞ്ഞാറൻ ബാന്ദ്രയിലെ വസതിയിൽ അതിക്രമിച്ചുകയറി സെയ്ഫ് അലി ഖാനെ ആക്രമിക്കുമ്പോൾ പ്രതി ധരിച്ചിരുന്നത് കറുത്ത ടി ഷർട്ട് ആയിരുന്നു. വ്യാഴാഴ്ച പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം. അവിടെനിന്ന് കെട്ടിടത്തിന്റെ എമർജൻസി എക്സിറ്റിലൂടെ പ്രതി രക്ഷപെടുകയായിരുന്നു. സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ നീല ഷർട്ട് ധരിച്ച് തെരുവിലൂടെ നടക്കുന്നതായി കണ്ടെത്തിയിരുന്നു. എന്നാൽ ശനിയാഴ്ച പുറത്തുവന്ന ദൃശ്യങ്ങളിൽ പ്രതി മഞ്ഞ ഷർട്ടാണ് ധരിച്ചിരിക്കുന്നത്.
ബാന്ദ്രയിൽ നിന്ന് യാത്ര ചെയ്യാൻ അക്രമി ട്രെയിനിൽ കയറിയിരിക്കാമെന്നാണ് മുംബൈ പോലീസ് അനുമാനിക്കുന്നത്. പ്രതിയെ കണ്ടെത്താൻ ഒന്നിലധികം പൊലീസ് സംഘങ്ങൾ നഗരത്തിലെ റെയിൽവേ സ്റ്റേഷനുകളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. കഴിഞ്ഞ ദിവസം ഒരാളെ കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും ചോദ്യം ചെയ്യലിൽ പ്രതിയല്ലെന്ന് തെളിഞ്ഞിരുന്നു.
എഫ്ഐആറിൽ പറയുന്നതനുസരിച്ച്, അക്രമി നടൻ്റെ ഇളയ മകൻ ജെയുടെ കിടപ്പുമുറിയിലാണ് ആദ്യം പ്രവേശിച്ചത്. ശബ്ദം കേട്ട് അവിടേക്കെത്തിയ വേലക്കാരിയാണ് ബഹളമുണ്ടാക്കി അടുത്ത മുറിയിൽ കിടക്കുകയായിരുന്ന മറ്റംഗങ്ങളെ വിവരമറിയിക്കുന്നത്. ഉടൻ അവിടേക്കെത്തിയ സെയ്ഫ് അലി ഖാനുമായി മൽപ്പിടുത്തം നടക്കുന്നതിനിടെയാണ് താരത്തെ അക്രമി കുത്തിപ്പരിക്കേല്പിച്ചത്. നട്ടെല്ലിന് സമീപത്തുൾപ്പെടെ ആറ് കുത്തുകളാണ് താരത്തിനേറ്റത്. ശസ്ത്രക്രിയയ്ക്ക് വിധേയനായ താരം അപകടനില തരണം ചെയ്തിട്ടുണ്ട്. അക്രമിയെ പിടികൂടാൻ 35 ടീമുകളാണ് മുംബൈ പോലീസ് രൂപീകരിച്ചിട്ടുള്ളത്.