അഹ്‌മദാബാദിൽ പൃഥ്വി 'ഷോ'; യുവ ഡൽഹി മുന്നോട്ട്
കൊൽക്കത്ത നിശ്ചിത ഓവറിൽ നേടിയത് ആറു വിക്കറ്റ് നഷ്ടത്തില്‍ 154, ഡൽഹി 21 പന്തുകൾ ബാക്കിനിൽക്കെ ഏഴു വിക്കറ്റിന് ലക്ഷ്യം മറികടന്നു
കഴിഞ്ഞ സീസണിലെ അപാര ഫോമിന്റെ നിഴലിലെത്താൻ ഇനിയുമായിട്ടില്ലെങ്കിലും ഐപിഎല്ലിലെ യുവതുർക്കികളുടെ സ്വന്തം ഡൽഹി വിജയക്കുതിപ്പ് തുടരുകയാണ്. അഹ്‌മദാബാദിൽ നടന്ന മത്സരത്തിൽ കൊൽക്കത്തയ്‌ക്കെതിരെ നടന്ന ഏഴു വിക്കറ്റിന്റെ അനായാസ ജയത്തോടെ ഡൽഹി പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്ത് ഉറച്ച നിലയിലാണ്. കൊൽക്കത്ത ആറു വിക്കറ്റ് നഷ്ടത്തിൽ ഉയർത്തിയ 154 എന്ന ടോട്ടൽ 21 പന്തുകൾ ബാക്കിനിൽക്കെയാണ് ഡൽഹി മറികടന്നത്. ചേസിങ്ങിൽ ശിവം മാവി എറിഞ്ഞ ആദ്യ ഓവറിലെ ആറു പന്തുകളും അതിർത്തി കടത്തി അപാര മൂഡിൽ തുടങ്ങിയ പൃഥ്വി ഷാ ഇന്നലെ ഒരുഘട്ടത്തിലും ബൗളർമാർക്ക് പിടിനൽകാതെ അടിച്ചെടുത്തത് 83 റൺസായിരുന്നു.
നേരത്തെ ടോസ് ലഭിച്ച ഡൽഹി കൊൽക്കത്തയെ ബാറ്റിങ്ങിന് പറഞ്ഞയച്ചു. ഡൽഹി നായകൻ റിഷഭ് പന്തിന്റെ കണക്കുകൂട്ടൽ ശരിവയ്ക്കുകയായിരുന്നു ഡൽഹിയുടെ ബൗളർമാർ. നാലാം ഓവറിൽ തന്നെ ഓപണർ നിതീഷ് റാണ(15) പുറത്തായി. മൂന്നാമനായെത്തിയ രാഹുൽ തൃപാഠി(19)യുമായി ചേർന്ന് ഓപണർ ശുഭ്മൻ ഗിൽ പതിഞ്ഞ താളത്തിലാണെങ്കിലും രക്ഷാപ്രവർത്തനത്തിനു ശ്രമിച്ചു. എന്നാൽ, തൃപാഠിക്കും അധികം ആയുസുണ്ടായിരുന്നില്ല. പത്താം ഓവറിൽ സ്റ്റോയിനിസിന്റെ പന്തിൽ ലളിത് യാദവിന് ക്യാച്ച് നൽകി മടങ്ങി. തൊട്ടുപിന്നാലെ നായകൻ ഓയ്ൻ മോർഗനും സുനിൽ നാരായനും അടുത്തടുത്ത പന്തുകളിലായി അക്കൗണ്ട് തുറക്കാതെ കൂടാരം പുൽകി.
പിന്നീട് ആന്ദ്രെ റസലും ഗില്ലും കൂട്ടുകെട്ട് പടുത്തുയർത്താൻ നോക്കി. എന്നാൽ, ഗില്ലിന്റെ പോരാട്ടം അർധ സെഞ്ച്വറിക്ക് ഏഴ് റൺ അകലെ അവസാനിച്ചു. 38 പന്തിൽ മൂന്ന് ഫോറും ഒരു സിക്‌സുമായി 43 റൺസായിരുന്നു ഗില്ലിന്റെ സമ്പാദ്യം. തുടർന്ന് വന്ന ദിനേശ് കാർത്തിക്കിനും(14) അധികം ഒന്നും ചെയ്യാനായില്ലെങ്കിലും അപ്പുറത്ത് വമ്പനടികളുമായി ഒരിക്കൽ കൂടി റസൽ കൊൽക്കത്തയുടെ മാനം കാത്തു. 27 പന്തിൽ ആറു സിക്‌സും രണ്ട് ബൗണ്ടറികളുമായി 45 റൺസുമായി റസലും പാറ്റ് കമ്മിൻസും(11) പുറത്താകാതെ നിന്നു.
ഡൽഹിക്ക് വേണ്ടി അക്‌സർ പട്ടേൽ, ലളിത് യാദവ് എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ആവേശ് ഖാനും മാർക്കസ് സ്റ്റോയ്‌നിസും ഓരോ വിക്കറ്റും സ്വന്തമാക്കി.
കൊൽക്കത്തയുടെ ചെറിയ ടോട്ടൽ പിന്തുടർന്ന ഡൽഹിയിൽ ആദ്യ ഓവറിൽ തന്നെ ഓപണർ പൃഥ്വി ഷാ നയം വ്യക്തമാക്കിയിരുന്നു. ഒരു വശത്ത് ഷാ കത്തിക്കയറുമ്പോൾ കാഴ്ചക്കാരനായി സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്തു കളിക്കുകയായിരുന്നു ശിഖർ ധവാൻ. പത്തു വിക്കറ്റിന്റെ ആധികാരിക ജയം ഉറപ്പിച്ച ഘട്ടത്തിലാണ് ധവാനെ(47 പന്തിൽ ഒരു സിക്‌സും നാലു ഫോറും സഹിതം 46) വിക്കറ്റിനു മുൻപിൽ കുരുക്കി പാറ്റ് കമ്മിൻസ് കൊൽക്കത്തയ്ക്ക് നേരിയ ആശ്വാസം നൽകിയത്. ധവാൻ പുറത്താകുമ്പോൾ 83 പന്തിൽ 132 റൺസാണ് ഓപണിങ് കൂട്ടുകെട്ടിൽ പിറന്നത്.
സെഞ്ച്വറിയിലേക്ക്് കുതിച്ചുകൊണ്ടിരുന്ന പൃഥ്വിഷായെ 16-ാം ഓവറിൽ പുറത്താക്കി കമ്മിൻസ് വീണ്ടും തിരിച്ചടിച്ചെങ്കിലും അപ്പോഴേക്കും തിരിച്ചുവരാനാകാത്ത വിധം കെകെആർ മത്സരം കൈവിട്ടുകഴിഞ്ഞിരുന്നു. 41 പന്തിൽ മൂന്നു സിക്‌സും 11 ഫോറുമായാണ് ഷാ 82 റൺസ് വാരിക്കൂട്ടിയത്. പിറകെ അനായാസ വിജയം വേഗത്തിൽ പിടിച്ചെടുക്കാനുള്ള ശ്രമത്തിനിടയിൽ എട്ടു പന്തിൽ ഒരു സിക്‌സും രണ്ടു ഫോറുമായി നായകൻ റിഷഭ് പന്ത് പുറത്തായി. എന്നാൽ, നാലാമൻ സ്റ്റോയ്‌നിസ് ബൗണ്ടറിയിലൂടെ അനിവാര്യ വിജയം ഉറപ്പാക്കി.
കൊൽക്കത്തയിൽ മൂന്നു വിക്കറ്റ് നേടിയ കമ്മിൻസ് മാത്രമാണ് കാര്യമായി തിളങ്ങിയത്. മറ്റു ബൗളർമാരെല്ലാം ഷായുടെ ബാറ്റിന്റെ ചൂടറിഞ്ഞപ്പോഴാണ് നാല് ഓവറിൽ 24 റൺസ് മാത്രം വിട്ടുകൊടുത്ത് സീസണിൽ ആദ്യമായി ഫോമിലെത്തിയത്.