കോവിഡ് പ്രതിരോധത്തിന് ടാറ്റയുടെ കൈത്താങ്ങ്

ദ്രാവക ഓക്‌സിജനുകൾ രാജ്യത്ത് എത്തിക്കാനായി 24 ക്രയോജനിക് കണ്ടെയ്‌നറുകൾ ഇറക്കുമതി ചെയ്യും

Update: 2021-04-22 04:03 GMT
Editor : Shaheer | By : Web Desk

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നതിനിടെ 24 ക്രയോജനിക് കണ്ടെയ്‌നറുകൾ ഇറക്കുമതി ചെയ്യാൻ ടാറ്റ ഗ്രൂപ്പ്. ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ടാറ്റ ഇക്കാര്യം അറിയിച്ചത്.

ചാർട്ടേഡ് വിമാനങ്ങളിൽ ദ്രാവക ഓക്‌സിജൻ എത്തിക്കാൻ ആവശ്യമായ ക്രയോജനിക് കണ്ടെയ്‌നറുകളാണ് ടാറ്റ ഇന്ത്യയിലെത്തിക്കുന്നത്. നിലവിലെ ഓക്‌സിജൻ ക്ഷാമം ലഘൂകരിക്കാനുള്ള ശ്രമത്തിൽ ആരോഗ്യവിഭാഗത്തെ പിന്തുണയ്ക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണിതെന്ന് ട്വീറ്റിൽ പറയുന്നു.

''ഇന്ത്യയിലെ ജനങ്ങളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ അഭ്യർത്ഥന പ്രശംസനീയമാണ്. കോവിഡിനെതിരായ പോരാട്ടത്തെ ശക്തിപ്പെടുത്താനായി സാധ്യമായതെല്ലാം ചെയ്യാൻ ടാറ്റ പ്രതിജ്ഞാബദ്ധമാണ്. ഓക്‌സിജൻ പ്രതിസന്ധി ലഘൂകരിക്കുന്നത് ആരോഗ്യരംഗത്തെ ശക്തിപ്പെടുത്താനുള്ള അത്തരമൊരു ശ്രമമാണ്'' ക്രയോജനിക് കണ്ടെയ്‌നറുകൾ ഇറക്കുമതി ചെയ്യുന്ന വിവരം അറിയിച്ചുകൊണ്ടുള്ള ട്വീറ്റിൽ ചൂണ്ടിക്കാട്ടി.

Advertising
Advertising

നേരത്തെ, ടാറ്റ സ്റ്റീൽ വിവിധ സംസ്ഥാനങ്ങളിലേക്ക് ഓക്‌സിജൻ എത്തിക്കാൻ തീരുമാനിച്ചിരുന്നു. കോവിഡ് രോഗികളുടെ ചികിത്സയ്ക്ക് ഓക്‌സിജൻ അതീവ നിർണായകമാണ്. ദേശീയ അടിയന്തര സാഹചര്യം പരിഗണിച്ചാണ് വിവിധ സംസ്ഥാനങ്ങൾക്കും ആശുപത്രികൾക്കും ദിനംപ്രതി 200 മുതൽ 300 വരെ ടൺ ലിക്വിഡ് മെഡിക്കൽ ഓക്‌സിജൻ വിതരണം ചെയ്യുന്നതെന്ന് ടാറ്റ സ്റ്റീൽ ട്വീറ്റ് ചെയ്തിരുന്നു.

ടാറ്റ ട്രസ്റ്റ്‌സ്, ടാറ്റ സൺസ് തുടങ്ങിയ ഗ്രൂപ്പിന്റെ മറ്റു വിഭാഗങ്ങൾ കേന്ദ്ര സർക്കാരിന്റെ കോവിഡ് റിലീഫ് ഫണ്ടിലേക്കായി 1,500 കോടി രൂപ സംഭാവന ചെയ്തിരുന്നു. ആരോഗ്യ പ്രവർത്തകർക്കു വേണ്ട സുരക്ഷാ സാമഗ്രികൾ, ടെസ്റ്റിങ് കിറ്റുകൾ, ചികിത്സാ സൗകര്യങ്ങൾ എന്നിവ ഒരുക്കുകയും ചെയ്തു.

Tags:    

Editor - Shaheer

contributor

By - Web Desk

contributor

Similar News