ദേശീയ ദിനാഘോഷവുമായി ബന്ധപ്പെട്ട് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം പൊതുസുരക്ഷാ നിര്‍ദേശങ്ങള്‍ പുറത്തിറക്കി

Update: 2018-12-17 19:43 GMT

ദേശീയ ദിനാഘോഷവുമായി ബന്ധപ്പെട്ട് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം പൊതുസുരക്ഷാ നിര്‍ദേശങ്ങള്‍ പുറത്തിറക്കി. സൈനിക പരേഡ് നടക്കുന്ന കോര്‍ണീഷ് റോഡ് രാവിലെ പത്ത് മണിയോടെ തന്നെ അടച്ചിടും. കോര്‍ണീഷില്‍ എത്താന്‍ കഴിയാത്തവര്‍ക്ക് പരേഡ് കാണാനായി വിവിധയിടങ്ങളില്‍ സ്ക്രീനുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

ദേശീയ ദിന സുരക്ഷാ സമിതി വിളിച്ചുചേര്‍ത്ത പ്രത്യേക വാര്‍ത്താ സമ്മേളനത്തിലാണ് സുരക്ഷാനിര്‍ദേശങ്ങള്‍ അവതരിപ്പിച്ചത്. സൈനിക പരേഡ് ഉച്ച തിരിഞ്ഞ് 2.45 ന് തന്നെ ആരംഭിക്കുമെന്നതിനാല്‍ പൊതു ജനങ്ങള്‍ നേരത്തെ തന്നെ ഇരിപ്പിടമുറപ്പിക്കണം. രാവിലെ പത്ത് മണിയോടെ തന്നെ കോര്‍ണിഷിലേക്കുള്ള എല്ലാ പാതകളും അടച്ചിടും.

Advertising
Advertising

കോര്‍ണിഷില്‍ സ്വകാര്യ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് കോര്‍ണിഷില്‍ പ്രത്യേക ഇടങ്ങള്‍ നിര്‍ണയിച്ചിട്ടുണ്ട്. ഇമാം മുഹമ്മദ് ബിൻ അബ്ദുൽ വഹാബ് പള്ളിക്ക് സമീപത്തും ആഭ്യന്തരമന്ത്രാലയത്തിന് മുന്നിൽ അൽ ബിദ്ദ പാർക്കിലെ അണ്ടർഗ്രൗണ്ടിലും കൂടാതെ മന്നാഇ റൗണ്ട്എബൗട്ടിന് സമീപത്തുള്ള ഖത്തർ ബൗളിംഗ് ഫെഡറേഷൻ പാർക്കിംഗ്, ബ്രിട്ടീഷ് എംബസിയുടെ പഴയ കെട്ടിടത്തോട് ചേർന്നുള്ള സ്ഥലത്തും മന്ത്രാലയം പൊതു ജനങ്ങൾക്ക് പാർക്കിംഗ് സൗകര്യമൊരുക്കിയിട്ടുണ്ട്. സൂഖ് വാഖിഫ് പാർക്കിംഗ്, ഇസ്ലാമിക് ആർട്ട് മ്യൂസിയം പാർക്കിംഗ് തുടങ്ങിയ ഇടങ്ങളിലും സന്ദർശകർക്ക് വാഹനങ്ങൾ പാർക്ക് ചെയ്യാം.

കോർണിഷിൽ എത്തിപ്പെടാൻ കഴിയാത്തവർക്ക് സൗകര്യത്തിനായി ദേശീയദിനാഘോഷ സംഘാടകർ വവിധ ഇടങ്ങളിലായി കൂറ്റൻ എൽ.ഇ.ഡി സ്ക്രീനുകൾ സ്ഥാപിക്കും. കോർണിഷിലെ സ്ക്രീനുകൾക്ക് പുറമേ, അൽ ബിദ്ദ പാർക്ക്, അൽ റയ്യാൻ പാർക്ക് എന്നിവിടങ്ങളിലും എൽ.ഇ.ഡി സ്ക്രീനുകൾ സൗകര്യത്തിനായി സ്ഥാപിക്കും.

വ്യത്യസ്ത ഇടങ്ങളിൽ ഹമദ് മെഡിക്കൽ കോർപറേഷനുമായി സഹകരിച്ച് പ്രത്യേക എമർജൻസി പോയിൻറുകൾ സ്ഥാപിക്കും. ആവശ്യം വരികയാണെങ്കിൽ അടിയന്തര ചികിത്സ നൽകുന്നതിനും മറ്റും സൗകര്യങ്ങൾ ഏർപ്പെടുത്തും. കൂടാതെ സന്ദർശകർക്കായി വിവിധ ഇടങ്ങളിൽ സംഘാടക സമിതി ലഘുഭക്ഷണങ്ങളും പാനീയങ്ങളും വിതരണം ചെയ്യുന്നതിന് ചെറിയ സ്റ്റാളുകൾ സജ്ജീകരിക്കുമെന്നും സുരക്ഷാ സമിതി ചെയർമാൻ കൂട്ടിച്ചേർത്തു. പ്രാഥമികാവശ്യങ്ങൾ നിർവഹിക്കുന്നതിന് താൽക്കാലിക ടോയ്ലെറ്റുകൾ സ്ഥാപിക്കും.

Tags:    

Similar News