ഖത്തറില്‍ തണുപ്പ് കൂടുന്നു
തിരമാലകള്‍ 9 അടിവരെ ഉയരാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരങ്ങളിലുള്ളവരും ജാഗ്രത പാലിക്കണം
ശക്തമായ വടക്കുപടിഞ്ഞാറന്‍ ശീതക്കാറ്റു മൂലം ഖത്തറില്‍ തണുപ്പ് കൂടുന്നു. രാത്രി താപനില പത്ത് ഡിഗ്രി സെല്‍ഷ്യസിനും താഴെയെത്തുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.
വടക്കുപടിഞ്ഞാറന്‍ ദിശയില്‍ ആഞ്ഞുവീശുന്ന ശീതക്കാറ്റാണ് ഖത്തറില്‍ തണുപ്പ് ശക്തമാകാന്‍ കാരണം. ഇന്ന് മുതല്‍ ശനിയാഴ്ച്ച വരെെ കാറ്റ് ശക്തമായി തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. താപനിലയില്‍ ശരാശരി നാല് മുതല്‍ ആറ് ഡിഗ്രി വരെ കുറഞ്ഞേക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ തന്നെ രാജ്യത്തിന്‍റെ തെക്കന്‍ ഭാഗങ്ങളില്‍ താപനില പത്ത് ഡിഗ്രിക്കും താഴെയെത്തും.
പകല്‍ സമയങ്ങളില്‍ കുറഞ്ഞ താപ നില 15 ഡിഗ്രി വരെയെത്താനും ശക്തമായ പൊടിക്കാറ്റിനും സാധ്യതയുണ്ട്. തിരമാലകള്‍ 9 അടിവരെ ഉയരാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരങ്ങളിലുള്ളവരും ജാഗ്രത പാലിക്കണം. തെക്ക് വടക്ക് മധ്യ ഭാഗങ്ങളില്‍ രാത്രിയും പുലര്‍ച്ചെയും കനത്ത മൂടല്‍മഞ്ഞിന് സാധ്യതയുള്ളതിനാല്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്