രാജ്യത്ത് സ്ഥിര താമസമാക്കുന്ന പ്രവാസികള്‍ക്ക് മികച്ച സേവനം ഉറപ്പാക്കാന്‍ ഖത്തര്‍
ഖത്തറില്‍ സ്ഥിരതാമസാനുമതി ലഭിക്കുന്ന പ്രവാസികള്‍ക്ക് ലഭിക്കുന്ന വിവിധ സൌകര്യങ്ങളെ കുറിച്ചുള്ള കരട് നിര്‍ദേശങ്ങള്‍ക്ക് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. സ്ഥിരതാമസാനുമതി കാര്‍ഡ് ലഭിക്കുന്ന പ്രവാസികള്‍ക്ക് സ്വദേശികള്‍ക്കുള്ളതിന് തുല്യമായ ചികിത്സ, വിദ്യാഭ്യാസ സേവനങ്ങള്‍ ലഭിക്കും.
2018ലെ പത്താം നമ്പര്‍ നിയമപ്രകാരമാണ് ഖത്തറിലെ ദീര്‍ഘകാല പ്രവാസികള്‍ക്ക് സ്ഥിരതാമസാനുമതി നല്‍കുന്നത്. നിയമം നടപ്പാക്കുന്നതിന് മുന്നോടിയായി മന്ത്രിതല സമിതി തയ്യാറാക്കിയ കരട് നിര്‍ദ്ദേശങ്ങള്‍ക്കാണ് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയത്. ഇതനുസരിച്ച് സ്ഥിരതാമസാനുമതി കാര്‍ഡ് ലഭിക്കുന്ന പ്രവാസികള്‍ക്ക് സ്വദേശികള്‍ക്കുള്ളതിന് തുല്യമായ ചികിത്സ വിദ്യാഭ്യാസ സേവനങ്ങള്‍ ലഭിക്കും. രാജ്യത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നും സ്വദേശികള്‍ക്ക് ലഭിക്കുന്ന സൌകര്യങ്ങള്‍ക്ക് ഇവരും അര്‍ഹരാകും. എന്നാല്‍ വോട്ടാവകാശം നിര്‍ണായക ഭരണപദവികള്‍ എന്നിവയുണ്ടാകില്ല.
ഖത്തറില്‍ ചുരുങ്ങിയത് 20 വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്കും ഖത്തറില്‍ ജനിച്ച് പത്ത് വര്‍ഷം പൂര്‍ത്തിയാക്കിയ മക്കള്‍ക്കുമാണ് സ്ഥിരതാമസാനുമതി കാര്‍ഡ് ലഭിക്കുക. ഇതിനുള്ള വ്യവസ്ഥകളില്‍ ഖത്തറില്‍ നിശ്ചിത അളവിലുള്ള ആസ്തി പ്രധാന ഘടകമാണെന്നതിനാല്‍ വ്യാപാര നിക്ഷേപ മേഖലയിലെ പ്രമുഖര്‍ക്കാണ് മുന്‍ഗണന. ഇവരുടെ വന്‍തോതിലുള്ള നിക്ഷേപം രാജ്യവളര്‍ച്ചയ്ക്ക് ഉപകാരപ്രദമാകുമെന്ന കണക്കുകൂട്ടലിന്‍റെ അടിസ്ഥാനത്തില്‍ കൂടിയാണ് സ്ഥിരതാമസാനുമതി കാര്‍ഡ് നല്‍കാനുള്ള തീരുമാനം കൈക്കൊണ്ടത്.