ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് ചരിത്രം; ഒറ്റ രാത്രി കൊണ്ട് രണ്ടര കോടി റിയാല്‍ സമാഹരിച്ച് ഖത്തര്‍ ചാരിറ്റി
ജീവകാരുണ്യപ്രവര്‍ത്തന രംഗത്ത് ചരിത്രം തീര്‍ത്ത് ഖത്തര്‍ ചാരിറ്റി. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കഷ്ടതയനുഭവിക്കുന്ന അഭയാര്‍ത്ഥികള്‍ക്കായി ഒറ്റ രാത്രി കൊണ്ട് രണ്ടര കോടി റിയാലാണ് ഖത്തര്‍ ചാരിറ്റി സമാഹരിച്ചത്.ഐക്യരാഷ്ട്രസഭയുടെ അഭയാര്‍ത്ഥി ക്ഷേമ വിഭാഗവുമായി ചേര്‍ന്നാണ് ഖത്തര്‍ ചാരിറ്റി ധനസമാഹരണ ക്യാംമ്പെയിന്‍ സംഘടിപ്പിച്ചത്.
ഫോര്‍ ഹ്യൂമാനിറ്റി അതായത് മനുഷ്യത്വത്തിന്‍റെ പേരില്‍ എന്ന തലക്കെട്ടിലാണ് ഖത്തറിന്‍റെ ഔദ്യോഗിക ജീവകാരുണ്യ വിഭാഗമായ ഖത്തര്‍ ചാരിറ്റി ഐക്യരാഷ്ട്ര സഭയുടെ അഭയാര്‍ത്ഥി ക്ഷേമ വിഭാഗമായ യു.എന്‍.എച്ച്.സി.ആറുമായിച്ചേര്‍ന്ന് വന്‍ ധനസമാഹരണ ക്യാംമ്പെയിന്‍ സംഘടിപ്പിച്ചത്. യമന്‍,സിറിയ.ഇറാഖ്,സോമാലിയ എന്നിവിടങ്ങളിലെ അഭയാര്‍ത്ഥികള്‍ക്കൊപ്പം ബംഗ്ലാദേശിലെ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്കും അടിയന്തിര ദുരിതാശ്വാസ സഹായങ്ങളെത്തിക്കുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച രാത്രി ഖത്തറിലെ അല്‍ റയ്യാന്‍ ടിവിയിലൂടെയും എഫ്.എം റേഡിയോയായ അല്‍ ഖുര്‍ആന്‍ അല്‍ കരീമിലൂടെയുമായിരുന്നു ക്യാംമ്പെയിന്‍. രണ്ട് കോടി നാല്‍പ്പത്തിയേഴ് ലക്ഷം റിയാല്‍ അതായത് നാല്‍പ്പത്തിയാറ് കോടിയോളം രൂപയാണ് വെറും രണ്ട് മണിക്കൂര്‍ കൊണ്ട് ക്യാംമ്പെയിനിലൂടെ സമാഹരിച്ചത്. വരും വര്‍ഷങ്ങളിലും ഈ ക്യാംമ്പെയിന്‍ തുടരാന്‍ ഖത്തര്‍ ചാരിറ്റി തീരുമാനിച്ചിട്ടുണ്ടെന്നും ഐക്യരാഷ്ട്രസഭയുടെ അഭയാര്‍ത്ഥി ക്ഷേമവിഭാഗമായ യു.എന്‍.എച്ച്.സി.ആറിലെ പാര്‍ട്ണര്‍ഷിപ്പ് ഓഫീസറായ ഷഫീക്ക് പറക്കുത്ത് മീഡിയവണിനോട് പറഞ്ഞു.
യുദ്ധം മൂലം സ്വന്തം വീടും നാടും നഷ്ടപ്പെട്ട ഏകദേശം രണ്ട് കോടിയോളം ജനങ്ങള്‍ യമനില്‍ ദുരിതമനുഭവിക്കുന്നുണ്ടെന്നാണ് കണക്കുകള്‍. ഏകദേശം എഴുപത് ലക്ഷത്തോളം പേര്‍ ഇറാക്കിലും ഒരു ലക്ഷത്തോളം വരുന്ന സോമാലിയക്കാര്‍ കെനിയയിലും അഭയാര്‍ത്ഥികളായി കഴിയുന്നുണ്ട്. ഇതില്‍ ഭൂരിഭാഗവും ഒരു നേരത്തെ ഭക്ഷണത്തിനായി കഷ്ടപ്പെടുന്നവരാണ്.