‘ഖത്തറില്‍ താപനില 80 ഡിഗ്രി സെല്‍ഷ്യസ്’; വസ്തുത എന്ത് ?

ഖത്തറില്‍ താപനില 80 ഡിഗ്രി സെല്‍ഷ്യസ് വരെയെത്തിയെന്ന തരത്തിലുള്ള വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയിലൂടെ ഷെയര്‍ ചെയ്യപ്പെടുന്നത്

Update: 2019-06-11 19:15 GMT

ഖത്തറിൽ വേനൽ ചൂട് റെക്കോര്‍ഡിലെത്തിയെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റെന്ന് കാലാവസ്ഥാ വകുപ്പ്. കഴിഞ്ഞ വര്‍ഷം ജൂണില്‍ രേഖപ്പെടുത്തിയ അതെ താപനിലയാണ് ഈ വര്‍ഷമുള്ളതെന്നും അധികൃതര്‍ അറിയിച്ചു.

ഖത്തറില്‍ താപനില 80 ഡിഗ്രി സെല്‍ഷ്യസ് വരെയെത്തിയെന്ന തരത്തിലുള്ള വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയിലൂടെ ഷെയര്‍ ചെയ്യപ്പെടുന്നത്. ഇത് വെറും ഊഹാപോഹം മാത്രമമാണെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റിയിലെ കാലാവസ്ഥാ പഠനവകുപ്പ് ഡയറക്ടര്‍ അബ്ദുള്ള അല്‍ മന്നായി പറഞ്ഞു.

നിലവിൽ താപനില ഉയർന്നാണിരിക്കുന്നത്. സാധാരണ വേനൽ കാലത്ത് രാജ്യത്തുണ്ടാകാറുള്ള ചൂടാണ് ഇപ്പോഴും ഉള്ളത്. 48.2 ഡിഗ്രിസെൽഷ്യസ് ആണ് ഈ ജൂണിൽ രേഖപ്പെടുത്തിയിരിക്കുന്ന ഏറ്റവും വലിയ താപനില.

Advertising
Advertising

മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി താപനിലയിൽ വരും ദിവസങ്ങളിൽ അസാധാരണമായി വൻവർധനവ് ഉണ്ടാകുമെന്ന സൂചനയും ഇപ്പോൾ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. 1973ൽ ആഗോള തലത്തിൽ തന്നെ ഏറ്റവും വലിയ താപനില രേഖപ്പെടുത്തിയപ്പോൾ പോലും ഖത്തറിലെ താപനില 40നും 42 ഡിഗ്രി സെൽഷ്യസിനും ഇടയിൽ ആയിരുന്നുവെന്ന കാര്യവും അദ്ദേഹം എടുത്തുപറഞ്ഞു.

കാറിലും മറ്റ് വാഹനങ്ങളിലെയും കാലാവസ്ഥാ സെന്‍സറുകളില്‍ കാണിക്കുന്ന താപനില വെച്ചാണ് ചിലര്‍ പ്രചാരണങ്ങള്‍ നടത്തുന്നത്. വാഹനങ്ങളിലെ താപനില അളക്കുന്ന ഉപകരണങ്ങളിൽ പലപ്പോഴും ഔദ്യോഗികമായി രേഖപ്പെടുത്തുന്ന താപനിലയേക്കാൾ കൂടുതൽ ഉണ്ടാവാറുണ്ട്. കാറിലുള്ള താപനില സെൻസറിൻെറ പ്രവർത്തനങ്ങൾ പല ഘടകങ്ങളെയും ആശ്രയിച്ചാണുള്ളത്.

താപനില കൃത്യമായി അറിയണമെങ്കിൽ ഉപകരണം അന്താരാഷ്ട്രാ കാലാവസ്ഥാ ഓർഗനൈസേഷെൻറ മാനദണ്ഡങ്ങൾ അനുസരിച്ചുള്ളവയാകണം. താപനിലയുടെ കാര്യത്തിലും മറ്റ് കാലാവസ്ഥാ അറിയിപ്പുകളുെട കാര്യത്തിലും ഔദ്യോഗികമായ സേവനങ്ങളെ മാത്രം ആശ്രയിക്കണമെന്നും അദ്ദേഹം പൊതുജനങ്ങളെ ഉണർത്തി.

Tags:    

Similar News