ഏറ്റവും സമാധാനം നിറഞ്ഞ ജി.സി.സി രാജ്യം ഖത്തറെന്ന് റിപ്പോര്‍ട്ട്
ആഗോളതലത്തില്‍ ഐസ്‍ലാന്‍ഡാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്.
ജി.സി.സിയിലെ ഏറ്റവും സമാധാനമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ ഒന്നാമത്. ആഗോള സമാധാന സൂചിക പുറത്തുവിട്ട പുതിയ പട്ടികയിലാണ് ഖത്തറിന്‍റെ നേട്ടം.
ഉപരോധത്തെ തുടര്‍ന്ന് രൂപപ്പെട്ട മധ്യേഷ്യന്‍ രാഷ്ട്രീയ പ്രതിസന്ധി നിലനില്‍ക്കവെയാണ് ആഗോള സമാധാന സൂചിക ജി.പി.ഐ പുതിയ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. പുതിയ സാഹചര്യങ്ങള്‍ക്കിടയിലും മേഖലയില്‍ ഏറ്റവും കൂടുതല്‍ സമാധാനം നിലനില്‍ക്കുന്ന രാജ്യം ഖത്തറാണ്.
ലോക രാജ്യങ്ങള്‍ക്കിടയില്‍ മുപ്പത്തിയൊന്നാം സ്ഥാനവും ഖത്തര്‍ സ്വന്തമാക്കി. ആഗോള തലത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 25 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് ഖത്തര്‍ മുപ്പത്തിയൊന്നിലെത്തിയത്. യുദ്ധമോ മറ്റ് സംഘര്‍ഷങ്ങളോ ഇല്ലാതിരിക്കല്‍, ജനങ്ങളില്‍ ഭയം ഇല്ലാതിരിക്കല്‍, രാജ്യ സുരക്ഷ, സൈനിക സേവനങ്ങള്‍ തുടങ്ങിയ പരിഗണിച്ചാണ് ജി.പി.ഐ പട്ടിക തയ്യാറാക്കുന്നത്.
ആഗോളതലത്തില്‍ ഐസ്‍ലാന്‍ഡാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ഏഷ്യന്‍ രാജ്യമായ ഭൂട്ടാന്‍ നാല്‍പ്പത്തിമൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ആദ്യ ഇരുപതില്‍ എത്തിയതും ശ്രദ്ധേയമാണ്. അഫ്ഗാനിസ്ഥാനാണ് പട്ടികയില്‍ ഏറ്റവും സമാധാനം കുറഞ്ഞ രാജ്യം.
ആഭ്യന്തര സംഘര്‍ഷം തുടരുന്ന സിറിയയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് അഫ്ഗാന്‍ ഈ കണക്കില്‍ ഒന്നാമതായത്. തെക്കന്‍ സുഡാന്‍, യെമന്‍, ഇറാഖ് തുടങ്ങി രാജ്യങ്ങളാണ് സമാധാനം കുറഞ്ഞവരുടെ പട്ടികയില്‍ അടുത്തടുത്ത സ്ഥാനങ്ങളില്‍ വരുന്നത്.
ആഗോളസമാധാനം കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടക്ക് നേരിയ തോതിലുള്ള പുരോഗതി കാണിക്കുന്നുണ്ടെങ്കിലും കഴിഞ്ഞ ഒരു പതിറ്റാണ്ടിനെ അപേക്ഷിച്ച് മോശം അവസ്ഥയാണെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. സമാധാനം നിലനില്‍ക്കുന്ന മേഖലകളില്‍ ഏറ്റവും മുന്നില്‍ യൂറോപ്പും ഏറ്റവും താഴെ മധ്യേഷ്യയുമാണ്.