ഇന്ത്യയും ഖത്തറും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരവിനിമയത്തില്‍ വന്‍ വര്‍ധന

ഖത്തറിനെതിരായ അയല്‍രാജ്യങ്ങളുടെ ഉപരോധത്തിന് ശേഷം ഈ വിനിമയത്തില്‍ വലിയ വര്‍ധനവുണ്ടായി

Update: 2019-06-21 18:37 GMT

ഇന്ത്യയും ഖത്തറും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരവിനിമയത്തില്‍ വന്‍ വര്‍ധന. രണ്ട് വര്‍ഷം കൊണ്ട് 42 ശതമാനത്തിന്‍റെ വളര്‍ച്ചയാണ് രേഖപ്പെടുത്തിയതെന്ന് ഖത്തര്‍ ചേംബര്‍ വ്യക്തമാക്കി.

ഇന്ത്യന്‍ വ്യാപാര പ്രതിനിധി സംഘവുമായി നടത്തിയ കൂടിക്കാഴ്ച്ചയില്‍ ഖത്തര്‍ ചേംബര്‍ വൈസ് പ്രസിഡന്‍റ് മുഹമ്മദ് ബിൻ അഹമ്മദ് ബിൻ തോവാര്‍ അൽ കുവാരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയും ഖത്തറും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരവിനിമയത്തില്‍ രണ്ട് വര്‍ഷം കൊണ്ടുണ്ടായത് 42 ശതമാനത്തിലധികം വളര്‍ച്ചയാണ്. 2016 ല്‍ 31 ബില്യണായിരുന്നത് 2018 ല്‍ 44 ബില്യണിലെത്തി.

Advertising
Advertising

ഖത്തറിനെതിരായ അയല്‍രാജ്യങ്ങളുടെ ഉപരോധത്തിന് ശേഷം ഈ വിനിമയത്തില്‍ വലിയ വര്‍ധനവുണ്ടായി. ഇന്ത്യയുമായുള്ള ഖത്തറിന്റെ വ്യാപാര മിച്ചം കഴിഞ്ഞ വര്‍ഷം 29.67 ബില്യണ്‍ റിയാലിൽ എത്തി. 2017നെ അപേക്ഷിച്ച് 24 ശതമാനത്തിന്‍റെ വര്‍ധന. പ്രകൃതി വാതകത്തിനായി ഖത്തറിനെ ആശ്രയിക്കുന്ന പ്രധാന ഏഷ്യന്‍ രാജ്യങ്ങളിലൊന്ന് ഇന്ത്യയാണ്.

രാസവസ്തുക്കൾ, പെട്രോകെമിക്കൽസ്, പെട്രോളിയം വാതകങ്ങൾ, രാസവളങ്ങൾ, ലോഹം എന്നിവയുൾപ്പെടെ ഖത്തറിൽ നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്യുന്നു.

ഭക്ഷണം, അരി, ഇരുമ്പ്, ഉരുക്ക്, റഫ്രിജറേറ്ററുകൾ, ഫർണിച്ചർ, പാദരക്ഷകൾ, ഫ്രീസറുകൾ, യന്ത്രങ്ങൾ, വസ്ത്രങ്ങൾ, വിശാലമായ ഭക്ഷ്യ ഉൽപന്നങ്ങൾ, മരുന്ന്, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയാണ് ഖത്തര്‍ ഇന്ത്യയില്‍ നിന്നും ഇറക്കുമതി ചെയ്യുന്നത്. ഇന്ത്യൻ നിക്ഷേപകർക്കും കമ്പനികൾക്കും ആവശ്യമായ എല്ലാത്തരം പിന്തുണയും ഖത്തര്‍ ചേംബര്‍ നല്‍കുമെന്ന് അല്‍ കുവാരി പറഞ്ഞു. ഗോവയില്‍ നിന്നുള്ള വ്യാപാര പ്രതിനിധി സംഘത്തിന് ഖത്തര്‍ ചേംബര്‍ ആസ്ഥാനത്ത് ഊഷ്മളമായ സ്വീകരണമാണ് നല്‍കിയത്.

Tags:    

Similar News