ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി- ട്രംപ് കൂടിക്കാഴ്ച്ച നാളെ

Update: 2019-07-08 17:51 GMT

ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി നാളെ അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച്ച നടത്തും. വൈറ്റ് ഹൌസില്‍ വെച്ച് നടക്കുന്ന കൂടിക്കാഴ്ച്ചയില്‍ ഉപരോധമുള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചയാകുമെന്നാണ് വിവരം. ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ന് രാത്രിയോടെ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി വാഷിങ്ടണിലെത്തുമെന്നാണ് വിവരം. നാളെയാണ് പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപുമായുള്ള അമീറിന്‍റെ കൂടിക്കാഴ്ച്ച.

പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ഉള്‍പ്പെടെയുള്ള ഭരണരംഗത്തെയും അമേരിക്കന്‍ കോണ്‍ഗ്രസിലെയും ഉന്നത നേതാക്കളുമായി അമീര്‍ കൂടിക്കാഴ്ച്ച നടത്തും. ചൊവ്വാഴ്ച്ചയാണ് പ്രസിഡന്‍റ് ട്രംപുമായുള്ള കൂടിക്കാഴ്ച. വൈറ്റ് ഹൌസില്‍ വെച്ച് നടക്കുന്ന കൂടിക്കാഴ്ച്ചയില്‍ ‌ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നിലനില്‍ക്കുന്ന തന്ത്രപരമായ സഹകരണം വികസിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടക്കും. പ്രതിരോധം, ഊര്‍ജ്ജം, നിക്ഷേപം, വ്യോമഗതാഗതം തുടങ്ങി മേഖലകളില്‍ നിര്‍ണായക കരാറുകളിലും ധാരണകളിലും ഇരുരാഷ്ട്ര നേതാക്കളും തമ്മില്‍ ഒപ്പുവെയ്ക്കും. ഒപ്പം മേഖലയിലെയും അന്താരാഷ്ട്ര തലത്തിലും ഏറ്റവും പുതിയ സംഭവവികാസങ്ങളെക്കുറിച്ചും ഇരുനേതാക്കളും ചര്‍ച്ച ചെയ്യും.

Advertising
Advertising

ട്രംപിന് പുറമെ ഭരണരംഗത്തെയും അമേരിക്കന്‍ കോണ്‍ഗ്രസിലെ ഉന്നതനേതാക്കളുമായും അമീര്‍ കൂടിക്കാഴ്ച്ച നടത്തും. പ്രതിരോധ, വാണിജ്യ മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ദൃഢമായ ബന്ധമാാണ് കാത്തുസൂക്ഷിക്കുന്നത്. ഖത്തറിലുള്ള അമേരിക്കയുടെ അല്‍ ഉദൈദ് വ്യോമതാവളത്തിനായി മികച്ച സൌകര്യങ്ങളാണ് ഖത്തര്‍ നല്‍കുന്നത്. അസംസ്കൃത വസ്തുക്കളുടെ ഇറക്കുമതിയില്‍ അമേരിക്കയെ ആശ്രയിക്കുന്ന പശ്ചിമേഷ്യയിലെ പ്രധാനപ്പെട്ട രാജ്യങ്ങളിലൊന്നാണ് ഖത്തര്‍. നിരവധി അമേരിക്കന്‍ സര്‍വകലാശാലകള്‍ക്ക് ദോഹ എജ്യുക്കേഷന്‍ സിറ്റിയില്‍ സെന്‍ററുകളുണ്ട്. ഇതിനെല്ലാം പുറമെ വ്യോമഗതാഗതം, സിവില്‍ ഏവിയേഷന്‍ സുരക്ഷ, പരസ്പര നിക്ഷേപം തുടങ്ങി മേഖലകളിലെല്ലാം നിലനില്‍ക്കുന്ന സഹകരണം ശക്തിപ്പെടുന്നതിന്‍റെ ആവശ്യകതയും കൂടിക്കാഴ്ച്ചകളില്‍ ചര്‍ച്ചയാകും

ട്രംപ്-അമീര്‍ കൂടിക്കാഴ്ചയില്‍ വാണിജ്യ മേഖലയില്‍ ഉൾപ്പെടെ നിരവധി പുതിയ കരാറുകൾ ഉണ്ടാകുമെന്നും ആഭ്യന്തര മേഖലാ രാഷ്ട്രീയ വിഷയങ്ങളില്‍ ഉഭയകക്ഷി ചർച്ചകൾ നടക്കുമെന്നും ഖത്തറിലെ അമേരിക്കന്‍ ചീഫ് ഓഫ് മിഷനും ചാര്‍ജ്ജ് ഡി അഫയേഴ്സുമായ വില്യം ഗ്രാന്റ് നേരത്തെ പ്രസ്താവിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രിലിലും ഖത്തര്‍ അമീര്‍ ഡോണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

Tags:    

Similar News