സമുദ്രാതിര്‍ത്തി സുരക്ഷ ശക്തമാക്കി ഖത്തര്‍
അത്യാധുനിക സംവിധാനങ്ങളോടെ നവീകരിച്ച അല്‍ ദായേന്‍ നാവിക സേനാ ആസ്ഥാനം പ്രധാനമന്ത്രി രാജ്യത്തിനായി സമര്‍പ്പിച്ചു.
സമുദ്രാതിര്‍ത്തി സുരക്ഷ ശക്തമാക്കാനൊരുങ്ങി ഖത്തര്‍. അത്യാധുനിക സംവിധാനങ്ങളോടെ നവീകരിച്ച അല്‍ ദായേന്‍ നാവിക സേനാ ആസ്ഥാനം പ്രധാനമന്ത്രി രാജ്യത്തിനായി സമര്‍പ്പിച്ചു. സമുദ്രാതിര്‍ത്തി സംരക്ഷണവും തീരദേശ സുരക്ഷയും ശക്തമാക്കുകയെന്ന ലക്ഷ്യം വെച്ചാണ് ഖത്തര്‍ പുതിയ നാവിക ആസ്ഥാനം പണികഴിപ്പിച്ചത്.
സിമൈസിമയില്‍ നടന്ന പ്രൌഡമായ ചടങ്ങില്‍ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുള്ള ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍ത്താനി അല്‍ ദായേന്‍ നാവിക താവളം രാജ്യത്തിനായി സമര്‍പ്പിച്ചു. അത്യാധുനിക സംവിധാനങ്ങളോട് കൂടിയ പുതിയ നിരീക്ഷണ ബോട്ടുകളും മറ്റ് സംവിധാനങ്ങളും ചടങ്ങില്‍ അവതരിപ്പിച്ചു.
കടലില്‍ അപകടങ്ങള്‍ പറ്റുന്നവരെ രക്ഷിക്കുന്നതിന് വേണ്ടി സജ്ജീകരിച്ച പുതിയ സംവിധാനങ്ങളുടെ പരീക്ഷണ ഷോയും സംഘടിപ്പിച്ചു. പുതിയ താവളം തുറന്നത് വഴി രാജ്യത്തിന്‍റെ നാവികസേനയുടെ ശക്തി പതിന്മടങ്ങ് വര്‍ധിച്ചതായി അധികൃതര്‍ വ്യക്തമാക്കി. സമുദ്രാതിര്‍ത്തി വഴിയുള്ള കടന്നുകയറ്റം, അനധികൃത കുടിയേറ്റം, ലഹരി വസ്തുക്കളുടെ കടത്ത് തുടങ്ങിയവ കര്‍ശനമായി തടയുകയെന്ന ലക്ഷ്യം വെച്ചാണ് നാവിക കേന്ദ്രം വികസിപ്പിച്ചത്.
നാവികസേനയുടെയും തീരദേശ സേനയുടെയുമെല്ലാം കാര്യാലയങ്ങള്‍ അടങ്ങുന്നതാണ് അല്‍ ദായേന്‍ നാവിക ആസ്ഥാനം. അല്‍ ദായേന്‍ ആസ്ഥാനത്ത് നടന്ന ഉദ്ഘാടനച്ചടങ്ങില്‍ ഗതാഗത വകുപ്പ് മന്ത്രി ജാസിം സെയ്ഫ് അല്‍ സുലൈത്തി, നാവിക സേനയുടെയും തീരദേശ സംരക്ഷണസേനയുടെയും കമാന്‍ഡര്‍മാരും ഉന്നത വ്യക്തിത്വങ്ങളും പങ്കെടുത്തു.