കാല്‍നട യാത്രക്കാരുടെ ഗതാഗത നിയമങ്ങള്‍ കര്‍ശനമാക്കി ഖത്തര്‍

ഇന്‍റര്‍സെക്ഷനുകളില്‍ സിഗ്നല്‍ തെളിയുന്നതിന് മുമ്പെ റോഡ് മുറിച്ച് കടക്കുന്നത് കണ്ടെത്തിയാല്‍ അഞ്ഞൂറ് റിയാല്‍ പിഴ ഈടാക്കും.

Update: 2019-07-21 20:38 GMT

ഖത്തറില്‍ കാല്‍നടയാത്രക്കാര്‍ നടത്തുന്ന ഗതാഗത നിയമ ലംഘനങ്ങള്‍ക്കുള്ള ശിക്ഷ കര്‍ശനമാക്കുന്നു. സിഗ്നല്‍ തെളിയുന്നതിന് മുമ്പ് റോഡ് മുറിച്ചുകടക്കുന്ന കുറ്റത്തിന് 500 റിയാല്‍ പിഴ ഒടുക്കേണ്ടി വരും. പുതിയ ശിക്ഷാനടപടികള്‍ അടുത്ത മാസം മുതല്‍ നിലവില്‍ വരും.

ഗതാഗത വകുപ്പ് നടത്തുന്ന അപകടരഹിത വേനല്‍ക്കാലം കാമ്പയിന്‍റെ ഭാഗമായാണ് കാല്‍നടയാത്രക്കാര്‍ക്കും നിയമങ്ങള്‍ കര്‍ശനമാക്കുന്നത്. വിവിധ നിയമലംഘനങ്ങള്‍ക്ക് പ്രാഥമികമായി പിഴ ശിക്ഷയാണ് ഈടാക്കുക.

ഇന്‍റര്‍സെക്ഷനുകളില്‍ സിഗ്നല്‍ തെളിയുന്നതിന് മുമ്പെ റോഡ് മുറിച്ച് കടക്കുന്നത് കണ്ടെത്തിയാല്‍ അഞ്ഞൂറ് റിയാല്‍ പിഴ ഈടാക്കും. സൈനിക പരേഡ് പോലെയുള്ള ഘട്ടത്തില്‍ ട്രാഫിക് ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവരും ഇതെ പിഴ ഒടുക്കേണ്ടി വരും.

Advertising
Advertising

സീബ്രാലൈനിലൂടെയല്ലാതെ റോഡുകള്‍ മുറിച്ചുകടക്കുന്നവര്‍ക്ക് 200 റിയാലാണ് പിഴ. റോഡിന്‍റെ മധ്യത്തിലുള്ള ഡിവൈഡറിലൂടെ നടക്കുന്നത് പിടിക്കപ്പെട്ടാല്‍ നൂറ് റിയാലും പിഴ ഒടുക്കേണ്ടി വരും. വരുന്ന ഓഗസ്റ്റ് ഒന്ന് മുതല്‍ കാല്‍നടക്കാരുടെ നിയമലംഘനങ്ങള്‍ പ്രത്യേക ഉദ്യോഗസ്ഥര്‍ നിരീക്ഷിക്കുകയും കുറ്റകൃത്യങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്യും.

കാല്‍നടയാത്രക്കാരുടെ ഉത്തരവാദിത്തങ്ങളും കടമകളും വിശദീകരിച്ച് ആഭ്യന്തര മന്ത്രാലയത്തിന്‍റെ സഹകരണത്തോടെ ട്രാഫിക് ജനറല്‍ ഡയറക്ട്രേറ്റ് ട്രാഫിക് ആസ്ഥാനത്ത് സംഘടിപ്പിച്ച സെമിനാറിലാണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.

തെരുവുകളും റോഡുകളും സുരക്ഷിതമായി ഉപയോഗിക്കുക ഗതാഗത നിയമങ്ങള്‍ പാലിക്കുക എന്നീ വിഷയങ്ങളില്‍ പൊതുജനങ്ങള്‍ക്ക് ബോധവല്‍ക്കരണം നല്‍കുക എന്നതായിരുന്നു സെമിനാറിന്‍റെ ലക്ഷ്യം.

വിവിധ പ്രവാസി സമൂഹങ്ങള്‍, കമ്പനികള്‍ സ്ഥാപനങ്ങള്‍ മാധ്യമങ്ങള്‍ എന്നിവയുമായി സഹകരിച്ചാണ് ബോധവല്‍ക്കരണം നടത്തുക. മലയാളം ഹിന്ദി ഉള്‍പ്പെടെ എല്ലാ ഏഷ്യന്‍ ഭാഷകളിലും ബോധവല്‍ക്കരണ പരിപാടികള്‍ നടത്തും.

രാജ്യത്തെ പൌരന്മാരുടെ സുരക്ഷ ഭരണകൂടത്തിന് പ്രധാനമാണെന്നും അതിനാലാണ് ഇത്തരം നിയമങ്ങള്‍ കൊണ്ടുവരുന്നതെന്നും ആഭ്യന്തരമന്ത്രാലയം ബോധവല്‍ക്കരണവകുപ്പ് അസിസ്റ്റന്‍റ് ഡയറക്ടര്‍ ലഫ്റ്റനന്‍റ് കേണല്‍ ജാബര്‍ മുഹമ്മദ് ഉതൈബ പറഞ്ഞു.

കാല്‍നടയാത്രക്കാര്‍ ഉള്‍പ്പെടുന്ന അപകടങ്ങളുടെ എണ്ണത്തില്‍ കുറവ് വന്നിട്ടുണ്ടെങ്കിലും പൂര്‍ണമായും ഇത് ില്ലാതാക്കാന്‍ ഇനിയും ഏറെ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ടെന്ന് ഗതാഗത പഠന ഗവേഷണ വിഭാഗം ഓഫീസര്‍ ഫസ്റ്റ് ലഫ്റ്റനന്‍റ് അബ്ദുറഹ്മാന്‍ അല്‍ അവി പറഞ്ഞു.

പ്രധാന നിരത്തുകളിലും ഹൈവേകളിലും കൂടുതല്‍ നടപ്പാതകളും പാലങ്ങളും നിര്‍മ്മിക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഗതാഗത വകുപ്പ് അസിസ്റ്റന്‍റ് ഡയറക്ടര്‍ കേണല്‍ നാസര്‍ ദര്‍മാന്‍ അല്‍ ഹാജിരിയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും സെമിനാറില്‍ സംബന്ധിച്ചു

Tags:    

Similar News