ഖത്തറിലെ ചൂട് തൊഴില്‍മേഖലയിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് പഠിക്കാന്‍ പ്രത്യേക സംഘം
ലോക തൊഴിലാളി സംഘടനയുമായും ഖത്തര്‍ ലോകകപ്പിന്‍റെ പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍റ് ലെഗസിയുമായി സഹകരിച്ചാണ് പഠനം
ഖത്തറില്‍ ചൂട് കൂടുന്നത് തൊഴില്‍മേഖലയിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് പഠിക്കാനായി വിവിധ മന്ത്രാലയങ്ങള്‍ ചേര്‍ന്ന് പ്രത്യേക സംഘത്തെ നിയോഗിച്ചു. ഉയര്‍ന്ന താപനില മൂലമുണ്ടാകുന്ന അപകടങ്ങളില്‍ നിന്നും തൊഴിലിടങ്ങളെയും തൊഴിലാളികളെയും സംരക്ഷിക്കുന്നതിന് പുതിയ കരട് ചട്ടക്കൂടുണ്ടാക്കുകയാണ് ലക്ഷ്യം.
ഖത്തര്‍ ഭരണ വികസന മന്ത്രാലയവും തൊഴില്‍ സാമൂഹ്യക്ഷേമമന്ത്രാലയവും സംയുക്തമായാണ് തൊഴിലിടങ്ങളില്‍ പഠനം നടത്തുന്നത്. ചൂട് കൂടുന്നത് മൂലം രാജ്യത്തെ തൊഴിലിടങ്ങളിലുണ്ടാക്കുന്ന പ്രശ്നങ്ങള്‍, തൊഴിലാളികള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍, ഉണ്ടാകാനാടിയുള്ള അപകടങ്ങള്‍, തൊഴിലിടങ്ങളിലെ ഉല്‍പ്പാദനക്ഷമതയെ ഉയര്‍ന്ന താപനില എങ്ങനെയൊക്കെ ബാധിക്കുന്നു എന്നീ വിഷയങ്ങളെല്ലാം പഠനത്തിന്‍റെ ഭാഗമാകും.
ലോക തൊഴിലാളി സംഘടനയുമായും ഖത്തര്‍ ലോകകപ്പിന്‍റെ പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍റ് ലെഗസിയുമായി സഹകരിച്ചാണ് പഠനം. ഗ്രീസിലെ തെസ്സാലി സര്‍വകാലാശാലയിലെ ഫെയിം ലബോറട്ടറിയില്‍ നിന്നുള്ള വിദഗ്ദ്ധര്‍ രണ്ട് മാസമെടുത്ത് പഠനം പൂര്‍ത്തിയാക്കും.
ഖത്തറിലെ വിവിധ നിര്‍മ്മാണ മേഖലകള്‍ സന്ദര്‍ശിച്ചാണ് വിദഗ്ദ്ധ സംഘം പഠനം നടത്തുക. നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന ലോകകപ്പ് സ്റ്റേഡിയം സൈറ്റുകളിലും സംഘം പഠനം നടത്തും. തൊഴിലാളികളുടെ സുരക്ഷ ഭരണകൂടത്തിന്‍റെ ധാര്‍മ്മികമായ ഉത്തരവാദിത്തമാണെന്നും ചൂട് മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വിവിധ മാര്‍ഗങ്ങള്‍ തേടുമെന്നും ഭരണവികസന മന്ത്രാലയം അസിസ്റ്റന്‍റ് അണ്ടര്‍ സെക്രട്ടറി മുഹമ്മദ് ഹസ്സന്‍ അല്‍ ഉബൈദലി പറഞ്ഞു.
ലോകകപ്പ് സ്റ്റേഡിയം നിര്‍മ്മാണപ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട തൊഴിലാളികളെ ചൂടില്‍ നിന്നും രക്ഷിക്കാനായി സുപ്രീം കമ്മിറ്റി നിലവില്‍ വിവിധ മാര്‍ഗങ്ങള്‍ ആവിഷ്ക്കരിച്ചിട്ടുണ്ട്. ശീതീകരണ സംവിധാനമുള്ള പ്രത്യക വസ്ത്രം ഇതില്‍ പ്രധാനപ്പെട്ടതാണ്.