അഫ്ഗാനില്‍ നിന്നും അമേരിക്കന്‍ സഖ്യസേനയുടെ പിന്മാറ്റം ഉടന്‍

18 വർഷമായുള്ള അഫ്ഗാൻ പ്രതിസന്ധിയും സംഘർഷങ്ങളും അവസാനിപ്പിക്കുന്നതിനായുള്ള ചർച്ചക്കാണ് ഖത്തർ ആതിഥേയത്വം വഹിക്കുന്നത്.

Update: 2019-08-14 18:16 GMT

അഫ്ഗാനില്‍ നിന്നും അമേരിക്കന്‍ സഖ്യസേനയുടെ പിന്മാറ്റം ഉടനുണ്ടാകുമെന്ന് സൂചന. അഫ്ഗാനിലെ യുഎസ് സൈന്യത്തിന്‍റെ അവസാന ഈദാണ് ഇക്കുറി കഴിഞ്ഞതെന്ന് പ്രത്യേക സമാധാന ദൂതന്‍ സല്‍മെയ് ഖലീല്‍സാദ് പറഞ്ഞു.

ഖത്തറിന്‍റെ മധ്യസ്ഥതയില്‍ ഇക്കഴിഞ്ഞ അഞ്ചിന് തുടങ്ങിയ അമേരിക്ക താലിബാന്‍ എട്ടാം റൌണ്ട് ചര്‍ച്ചയാണ് ദോഹയില്‍ പൂര‍്ത്തിയായത്. പ്രതീക്ഷാവഹമായ പുരോഗതിയോടെയാണ് ചര്‍ച്ചകള്‍ അവസാനിച്ചതെന്ന് ഇരുപക്ഷവും വ്യക്തമാക്കി. അടുത്ത ഈദിന് യുഎസ് സൈന്യം അഫ്ഗാനിലുണ്ടാവില്ലെന്ന് അമേരിക്ക നിയോഗിച്ച പ്രത്യേക സമാധാനദൂതന്‍ സല്‍മെയ് ഖലില്‍സാദ് ട്വിറ്ററില്‍ കുറിച്ചു.

Advertising
Advertising

ഏറെ ഫലപ്രദമായിരുന്നു പുതിയ ചര്‍ച്ചകളെന്നും നേതാക്കളുമായി കൂടിയാലോചിച്ച ശേഷം തുടര്‍ തീരുമാനങ്ങളെടുക്കുമെന്നും താലിബാന്‍ വക്താവ് സബീഹുള്ള മുജാഹിദും വ്യക്തമാക്കി.

ഒട്ടേറെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തെന്നും ഏതാനും വിഷയങ്ങളില്‍ അഭിപ്രായ ഐക്യം ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു. അതെ സമയം യു.എസ് സൈന്യത്തെ പിന്‍വലിക്കുന്നതിൻെറ സമയക്രമം സംബന്ധിച്ച കാര്യത്തില്‍ മാത്രമാണിപ്പോള്‍ അഭിപ്രായ ഭിന്നത തുടരുന്നതെന്ന് അൽജസീറ ചാനൽ റിപ്പോർട്ട് ചെയ്തു.

യു.എസ് പിന്തുണയോടെ ഭരിക്കുന്ന അഫ്ഗാൻ സർക്കാറിൽ താലിബാന് അധികാരപങ്കാളിത്തം, വെടിനിര്‍ത്തൽ, സൈന്യത്തെ പിന്‍വലിക്കൽ എന്നിവയാണ് സമാധാനകരാറിൽ ഉള്ളതെന്നാണ് സൂചന. എന്നാല്‍ അമേരിക്കയുടെ കയ്യിലെ കളിപ്പാവയായി മാറാന്‍ രാജ്യത്തെ നല്‍കില്ലെന്ന തീരുമാനത്തിലാണ് താലിബാന്‍.

18 വർഷമായുള്ള അഫ്ഗാൻ പ്രതിസന്ധിയും സംഘർഷങ്ങളും അവസാനിപ്പിക്കുന്നതിനായുള്ള ചർച്ചക്കാണ് ഖത്തർ ആതിഥേയത്വം വഹിക്കുന്നത്. അമേരിക്കയുടെയും അതിൻെറ സഖ്യ കക്ഷികളുടെയും മേഖലയിലെ മറ്റു രാജ്യങ്ങളുടെയും താല്‍പര്യങ്ങള്‍ക്ക് ഭീഷണിയാകാന്‍ ഏതെങ്കിലും കക്ഷി അഫ്ഗാന്‍ മേഖല ഉപയോഗിക്കരുത്, അഫ്ഗാന്‍ പ്രദേശത്തുനിന്ന് നിര്‍ദിഷ്ട സമയപരിധിക്കുള്ളില്‍ നിന്ന് വിദേശ സൈനികരെ പിന്‍വലിക്കല്‍, അഫ്ഗാനികൾ-താലിബാൻ-അഫ്ഗാന്‍ സര്‍ക്കാർ എന്നിവക്കിടയിൽ നേരിട്ടുള്ള ചര്‍ച്ചകള്‍, സമഗ്രമായ വെടി നിര്‍ത്തല്‍ എന്നീ ഘടകങ്ങളിലൂന്നിയാണ് ചര്‍ച്ചകള്‍ നടക്കുന്നത്.

Tags:    

Similar News