ഖത്തറില്‍ മത്സ്യങ്ങള്‍ ഉള്‍പ്പെടെയുള്ള കടല്‍ വിഭവങ്ങളുടെ വില ഇനി വാണിജ്യമന്ത്രാലയം പ്രഖ്യാപിക്കും

Update: 2019-09-08 18:50 GMT

ഖത്തറില്‍ മത്സ്യങ്ങളുള്‍പ്പെടെയുള്ള കടല്‍വിഭവങ്ങളുടെ വില ഇനി വാണിജ്യ വ്യവസായ മന്ത്രാലയം പ്രഖ്യാപിക്കും. മന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ ദിവസേന നടക്കുന്ന ലേലത്തിന് ശേഷമായിരിക്കും വില പുറത്തുവിടുക. മത്സ്യവിലയിലുണ്ടാകുന്ന അമിതമായ വർധനവ്, മത്സ്യവിപണിയിലെ കുത്തകകൾ അവസാനിപ്പിക്കുക, ന്യായമായ വിലയിൽ മത്സ്യം വാങ്ങുന്നതിനുള്ള ഉപഭോക്താക്കളുടെ അവകാശം ഉറപ്പുവരുത്തുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് വാണിജ്യമന്ത്രാലയത്തിന്‍റെ പുതിയ നടപടി. ദിവസേനയുള്ള മത്സ്യങ്ങളുടെയും സീ ഫുഡ് ഉൽപന്നങ്ങളുടെയും വില ഇന്ന് മുതൽ മന്ത്രാലയത്തിൽ നിന്നും പുറത്തുവിടും.

Advertising
Advertising

Full View

ആഴ്ചയിലെ അവസാന പ്രവൃത്തി ദിനത്തിലെ വില തന്നെയായിരിക്കും അടുത്ത രണ്ട് അവധി ദിവസങ്ങളിലും. മത്സ്യങ്ങളുടെ പേരും ഇനവും അതത് ദിവസത്തെ വിലയും വിൽപനക്കാർ ഉപഭോക്താവിന് കാണുന്ന രീതിയിൽ പതിക്കണം. മന്ത്രാലയത്തിൽ നിന്നുള്ള വിലയേക്കാൾ ഒരിക്കലും ഉയർന്ന വില ഉപഭോക്താക്കളിൽ നിന്നും ഈടാക്കാൻ പാടില്ല. മറ്റു സേവനങ്ങൾ നൽകുന്നതിന്റെ ഭാഗമായി വില ഉയർത്തുന്നതുമായി ബന്ധപ്പെട്ട എല്ലാ ശ്രമങ്ങളിൽ നിന്നും വിൽപനക്കാർ ഒഴിഞ്ഞ് നിൽക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുക, വഞ്ചന അവസാനിപ്പിക്കുക, പരസ്പര മത്സരം പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം കുത്തക വിൽപന അവസാനിപ്പിക്കുക തുടങ്ങിയവ ലക്ഷ്യം വെച്ചാണ് മന്ത്രാലയം കച്ചവട സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ നിരീക്ഷിച്ചുവരുന്നത്. ഉപഭോക്താക്കളും കച്ചവടക്കാരും തമ്മിലുളള ബന്ധത്തിൽ സന്തുലനം നിലനിർത്തുകയെന്നതും പുതിയ മത്സ്യവില പ്രഖ്യാപനത്തിന്റെ ലക്ഷ്യങ്ങളിൽ പെടുന്നു. പുതിയ തീരുമാനം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് കർശനമായ പരിശോധന നടത്തും. എന്തെങ്കിലും നിയമലംഘനം കണ്ടെത്തുകയാണെങ്കിൽ ഉപഭോക്താക്കൾ മന്ത്രാലയത്തിൽ അറിയിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

Similar News