ഖത്തറിനെതിരായ ഉപരോധം ജി.സി.സിയെ തളര്‍ത്തിയെന്ന് ഖത്തര്‍ അമീര്‍ യു.എന്‍ പൊതുസഭയില്‍  

Update: 2019-09-24 18:21 GMT

ഖത്തറിനെതിരായ ഉപരോധം ജി.സി.സിയെ തളര്‍ത്തിയെന്ന് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി. തുറന്ന ചര്‍ച്ചകള്‍ മാത്രമാണ് പ്രശ്നപരിഹാരത്തിനുള്ള പോംവഴിയെന്നും അതിന് ഖത്തര്‍ സന്നദ്ധമാണെന്നും അമീര്‍ പറഞ്ഞു. ന്യൂയോര്‍ക്കില്‍ യു.എന്‍ പൊതുസഭയെ അഭിസംബോധന ചെയ്ത് പ്രസംഗിക്കുകയായിരുന്നു അമീര്‍.

യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ഖത്തറിനെ പ്രതിനിധീകരിച്ച് സംസാരിക്കവെയാണ് അമീര്‍ നിലപാട് വ്യക്തമാക്കിയത്. ഖത്തറിനെതിരായ അയല്‍ രാജ്യങ്ങളുടെ ഉപരോധം ജി.സി.സിയെ തളര്‍ത്തി. ഗള്‍ഫ് രാജ്യങ്ങളുടെ കെട്ടുറപ്പ് തകര്‍ത്ത ഉപരോധ വിഷയം പരിഹരിക്കാന്‍ തുറന്ന ചര്‍ച്ചകള്‍ മാത്രമാണ് പോംവഴി. തുറന്ന സംഭാഷണങ്ങള്‍ക്ക് എന്നും ഖത്തര്‍ സന്നദ്ധമാണെന്നും അമീര്‍ പ്രഖ്യാപിച്ചു. അവസാനഘട്ടത്തില്‍ അമേരിക്ക പിന്മാറുന്നത് വരെ യു.എസ് താലിബാന്‍ സമാധാന നീക്കങ്ങളില്‍ കാര്യമായ പുരോഗതി കൊണ്ടുവരാന്‍ ഖത്തറിനായി. അഫ്ഗാനിസ്ഥാനിലെ വിവിധ കക്ഷികളെ ഒറ്റ വേദിയില്‍ വിളിച്ചുകൂട്ടി ചര്‍ച്ചകള്‍ക്ക് സന്നദ്ധരാക്കാനും സാധിച്ചു.

രാജ്യത്തെ തൊഴിലാളികളുടെ ക്ഷേമത്തിനായി ഐക്യരാഷ്ട്രസഭയ്ക്ക് കീഴിലുള്ള വിവിധ സംഘടനകളുമായിച്ചേര്‍ന്ന് ക്രിയാത്മകമായ പരിശ്രമങ്ങളാണ് ഖത്തര്‍ നടത്തുന്നതെന്നും അമീര്‍ യു.എന്‍ ജനറല്‍ അസംബ്ലിയില്‍ പറഞ്ഞു. ഖത്തര്‍ വിദേശകാര്യമന്ത്രിയും ഉപപ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ബിന്‍ ജാസിം അല്‍ത്താനിയുടെ നേതൃത്വത്തിലുള്ള ഉന്നത തല പ്രതിനിധി സംഘവും യു.എന്‍ സമ്മേളനത്തില്‍ അമീറിനൊപ്പമുണ്ട്.

Tags:    

Similar News