അറബി സാഹിത്യവിവര്‍ത്തന രംഗത്ത് ഖത്തര്‍ നല്‍കുന്ന പരമോന്നത പുരസ്കാരത്തില്‍ മലയാളത്തിന് വന്‍ നേട്ടം

Update: 2019-12-09 02:07 GMT

അറബി സാഹിത്യവിവര്‍ത്തന രംഗത്ത് ഖത്തര്‍ നല്‍കുന്ന പരമോന്നത പുരസ്കാരമായ ശൈഖ് ഹമദ് അന്താരാഷ്ട്ര അവാര്‍ഡില്‍ മലയാളത്തിന് വന്‍ നേട്ടം. പണ്ഡിതനും എഴുത്തുകാരനുമായ ശൈഖ് മുഹമ്മദ് കാരക്കുന്ന്, ഗ്രന്ഥകാരന്‍ വിഎ കബീര്‍, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജജ് അസിസ്റ്റന്‍റ് പ്രോഫസര്‍ ഡോ.എന്‍ ഷംനാദ് തുടങ്ങിയവര്‍ സമഗ്രസംഭാനയ്ക്കുള്ള വ്യക്തിഗത പുരസ്കാരം സ്വന്തമാക്കിയപ്പോള്‍ പ്രസിദ്ധീകരണ സ്ഥാപനങ്ങളില്‍ കോഴിക്കോട് ആസ്ഥാനമായ ഐ.പിഎച്ചും അവാര്‍ഡ് സ്വന്തമാക്കി

Full View

ദോഹ ആസ്ഥാനമായ ശൈഖ് ഹമദ് അന്താരാഷ്ട്ര വിവര്‍ത്തന പുരസ്കാരങ്ങളില്‍ അച്ചീവ്മെന്‍റ് വിഭാഗത്തില്‍ ഇതാദ്യമായാണ് അറബിയില്‍ നിന്നും മലയാളത്തിലേക്കുള്ള വിവര്‍ത്തന കൃതികള്‍ അവാര‍്ഡിനായി പരിഗണിച്ചത്.

Advertising
Advertising

ഇതില്‍ മൊത്തം നാല് പുരസ്കാരങ്ങളാണ് മലയാളത്തില്‍ നിന്നുള്ള വിവര്‍ത്തകര്‍ സ്വന്തമാക്കിയത്.

സമഗ്രസംഭാവനക്കുള്ള വ്യക്തിഗത പുരസ്കാരങ്ങൾ പണ്ഡിതനും എഴുത്തുകാരനുമായ ശൈഖ് മുഹമ്മദ് കാരക്കുന്ന്, പ്രമുഖ ഗ്രന്ഥകാരനും വിവർത്തകനുമായ വി.എ. കബീർ, തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജ് അസി. പ്രഫസറും അറബിക് വകുപ്പ് മേധാവിയുമായ ഡോ.എൻ. ഷംനാദ് എന്നിവർക്കാണ് ലഭിച്ചത്.

14ലധികം പുസ്തകങ്ങള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തതാണ് ശൈഖ് മുഹമ്മദ് കാരക്കുന്നിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. 12ലധികം പുസ്തകങ്ങൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്തതാണ് വി.എ.കബീറിനെ പുരസ്കാരത്തിന് അർഹനാക്കിയത്. ഏഴ് അറബി നോവലുകൾ വിവർത്തനം ചെയ്തതാണ് ഡോ.എൻ. ഷംനാദിനെ പുരസ്കാരത്തിന് അർഹനാക്കിയത്.

പ്രസാധക സ്ഥാപനങ്ങളില്‍ കോഴിക്കോട് കേന്ദ്രമായ ഇസ്ലാമിക് പബ്ലിഷിങ് ഹൗസ്(ഐ.പി.എച്ച്) സമഗ്രസംഭാവനക്കുള്ള അവാർഡ് നേടി. ഐ.പി.എച്ചിന് വേണ്ടി അസി.ഡയറക്ടർ കെ.ടി ഹുസൈൻ ഏറ്റുവാങ്ങി. അറബി ഭാഷയിലുള്ള അറുപതോളം പുസ്തകങ്ങൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്ത് പ്രസിദ്ധീകരിച്ചതാണ് ഐ.പി.എച്ചിനെ പുരസ്കാരത്തിന് അർഹമാക്കിയത്.

ദോഹ റിറ്റ്സ് കാൾട്ടൻ ഹോട്ടലിൽ നടന്ന 'ശൈഖ് ഹമദ് അവാർഡ് ഫോർ ട്രാൻസിലേഷൻ ആൻറ് ഇൻറർനാഷനൽ അണ്ടർസ്റ്റാൻറിങ്' സമ്മേളനത്തിലാണ് അവാർഡ് പ്രഖ്യാപനം നടന്നത്. ചടങ്ങിൽ ശൈഖ് ഥാനി ബിൻ ഹമദ് ബിൻ ഖലീഫ ആൽഥാനി പുരസ്കാരങ്ങൾ വിതരണം ചെയ്തു. ശൈഖ് ജാസിം ബിൻ ഹമദ് ആൽഥാനിയും ചടങ്ങില്‍ പങ്കെടുത്തു.

വിവിധ ഭാഷകളില്‍ നിന്നായി മൊത്തം 21 പേരാണ് അവാര്‍ഡുകള്‍ സ്വന്തമാക്കിയത്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ വ്യക്തികൾ അടങ്ങിയ ജൂറിയാണ് പുരസ്കാര ജേതാക്കളെ തെരഞ്ഞെടുത്തത്

വിവിധ ദേശങ്ങൾ തമ്മിലുള്ള സഹകരണം ശക്തമാക്കുക, വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളുക, പരിഭാഷപോലെയുള്ള ക്രിയാത്മക പ്രവർത്തനങ്ങൾ പ്രോൽസാഹിപ്പിക്കുക, തുടങ്ങിയ ലക്ഷ്യങ്ങളുമായാണ് ശൈഖ് ഹമദ് അന്താരാഷ്ട്ര പരിഭാഷാ അവാർഡ് നൽകുന്നത്.

Tags:    

Similar News