ഉപരോധം രമ്യമായി പരിഹരിക്കുന്നതിനായി നിരുപാധിക ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് വീണ്ടും ഖത്തര്‍
ഉപരോധം രമ്യമായി പരിഹരിക്കുന്നതിനായി നിരുപാധിക ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് വീണ്ടും ഖത്തര്‍. ലോക സമാധാനവും സുരക്ഷിതത്വവും ഉറപ്പുവരുത്താന്‍ ഖത്തര്‍ പ്രതിജ്ഞാബദ്ധമാണെന്നും യു.എന്‍ സുരക്ഷാ കൌണ്‍സില്‍ യോഗത്തില്‍ ഖത്തര്‍ പ്രതിനിധി വ്യക്തമാക്കി.
ഐക്യരാഷ്ട്രസഭയിലെ ഖത്തറിന്‍റെ സ്ഥിരം സ്ഥാനപതി ശൈഖ ആലിയ അഹമ്മദ് ബിന്‍ സൈഫ് അല്‍ത്താനിയാണ് ഉപരോധ വിഷയത്തില്‍ ഖത്തറിന്‍റെ നിലപാട് ആവര്‍ത്തിച്ചത്. ഉപരോധം പരിഹരിക്കാന്‍ ക്രിയാത്മകവും നിരുപാധികവുമായ ഏത് സന്ധി സംഭാഷണങ്ങള്‍ക്കും തയ്യാറാണെന്ന് ന്യൂയോര്‍ക്കില്‍ നടന്ന യു.എന്‍ സുരക്ഷാ കൌണ്‍സില്‍ യോഗത്തില്‍ ഖത്തര്‍ പ്രതിനിധി വ്യക്തമാക്കി.
ഐക്യരാഷ്ട്രസഭയുടെ സമാധാന ചട്ടക്കൂടിനും അന്താരാഷ്ട്ര നിയമങ്ങള്‍ക്കും വിധേയമായുള്ള ഏത് സന്ധി സംഭാഷണങ്ങള്‍ക്കും ഖത്തര്‍ തയ്യാറാണ്. ലോക സമാധാനവും ജനങ്ങളുടെ സുരക്ഷിതത്വും ഉറപ്പുവരുത്താന്‍ ഖത്തര്‍ എന്നും പ്രതിജ്ഞാ ബദ്ധമാണ്. സൗദി അറേബ്യന്‍ മേഖലയുടെ അസ്ഥിരതയ്ക്ക് മാത്രമേ ഉപരോധം ഉപകരിക്കൂ. തര്‍ക്കം പരിഹരിക്കുന്നതില്‍ കുവൈത്ത് അമീര്‍ തുടര്‍ച്ചയായി നടത്തിക്കൊണ്ടിരിക്കുന്ന പ്രയത്നങ്ങളെ ശൈഖ ആലിയ പ്രശംസിച്ചു.
ഖത്തറിനെതിരെ സൗദി സഖ്യരാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം രണ്ട് വര്‍ഷം പിന്നിടവെയാണ് യു.എന്നില്‍ ഖത്തര്‍ പ്രതിനിധി നിലപാട് ആവര്‍ത്തിച്ചത്.എന്നാല്‍ ഇക്കാര്യത്തില്‍ ഉപരോധ രാജ്യങ്ങളുടെ പ്രതികരണം പുറത്തുവന്നിട്ടില്ല.
നേരത്തെ ദോഹയില്‍ നടന്ന അറേബ്യന്‍ കപ്പില്‍ സൗദി യു.എ.ഇ ബഹ്റൈന്‍ ടീമുകള്‍ പങ്കെടുക്കുകയും തുടര്‍ന്ന് റിയാദില്‍ നടന്ന ജി.സി.സി യോഗത്തില്‍ ഖത്തര്‍ പ്രധാനമന്ത്രി പങ്കെടുക്കുകയും ചെയ്തതോടെ ഉപരോധം പെട്ടെന്ന് തീര്‍ന്നേക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.