ഖത്തറില്‍ നിരീക്ഷണത്തിലുള്ളവര്‍ക്കും കൊറോണ ബാധയില്ലെന്ന് സ്ഥിരീകരിച്ചു
ഏറ്റവും മികച്ചതും നൂതനവുമായ പ്രതിരോധ സംവിധാനങ്ങളാണ് കൊറോണക്കെതിരെ സജ്ജമാക്കിയിരിക്കുന്നതെന്നും അധികൃതര്‍
ഖത്തറില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന രണ്ട് പേര്‍ക്ക് കൂടി കൊറോണയില്ലെന്ന് തെളിഞ്ഞു. ഇതോടെ രോഗസംശയമുണ്ടായിരുന്ന ഇരുപത്തിയഞ്ച് പേരും രോഗബാധിതരല്ലെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഖത്തറില്‍ നിന്ന് ചൈനയിലേക്കും തിരിച്ചും യാത്ര ചെയ്ത ഇരുപത്തിയഞ്ച് പേരെയാണ് കൊറോണ രോഗ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്.
ഇതില്‍ ഇരുപത്തിമൂന്ന് പേരുടെ പരിശോധനാഫലങ്ങള്‍ നെഗറ്റീവാണെന്ന് ഇന്നലെ കണ്ടെത്തിയിരുന്നു. സംശയമുണ്ടായിരുന്ന ബാക്കി രണ്ട് പേര്‍ കൂടി രോഗ ബാധിതരല്ലെന്ന് വിദഗ്ദ്ധ പരിശോധനയില്‍ തെളിഞ്ഞതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
ഈ ഇരുപത്തിയഞ്ച് പേരില്‍ ഒരേ കുടുംബത്തില്‍ നിന്നുള്ള ഒന്നിലധികം പേരില്ലെന്നും മന്ത്രാലയം അറിയിച്ചു. ഏറ്റവും മികച്ചതും നൂതനവുമായ പ്രതിരോധ സംവിധാനങ്ങളാണ് കൊറോണക്കെതിരെ സജ്ജമാക്കിയിരിക്കുന്നതെന്നും ആരോഗ്യമന്ത്രാലയത്തിലെ പകര്‍ച്ചവ്യാധി ചികിത്സാ വിഭാഗം തലവന്‍ ഡോ.അബ്ദുല്‍ ലത്തീഫ് അല്‍ഖല്‍ പറഞ്ഞു.
ഈയടുത്ത് ചൈനയിലേക്ക് യാത്ര ചെയ്തവരിലോ അല്ലാത്തവരിലോ രോഗ ലക്ഷണങ്ങളുള്ളവര്‍ എത്രയും പെട്ടെന്ന് തന്നെ 107 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിക്കുകയോ അടുത്തുള്ള ഹെല്‍ത്ത് സെന്‍ററുകളിലെത്തുകയോ വേണം. ഇത്തരം ആളുകളുമായി മറ്റുള്ളവര്‍ അകലം പാലിക്കാന്‍ ശ്രദ്ധിക്കണം.
ലോകാരോഗ്യ സംഘടനയുമായുള്ള ആശയവിനിമയത്തിലൂടെ രാജ്യത്തിനകത്തും പുറത്തുമുള്ള സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആവശ്യമായ എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചിട്ടുണ്ട്. ഏത് അടിയന്തിര സാഹചര്യവും നേരിടാന്‍ ആരോഗ്യ മന്ത്രാലയം സജ്ജമാണെന്നും മന്ത്രാലയം അറിയിച്ചു.
കൊറോണ പ്രതിരോധ മാര്‍ഗങ്ങളുടെ ഭാഗമായി നേരത്തെ ചൈനയിലേക്കുള്ള മുഴുവന്‍ സര്‍വീസുകളും ഖത്തര്‍ എയര്‍വേയ്സ് താല്‍ക്കാലികമായി നിര‍്ത്തിവെച്ചിരുന്നു