ദോഹയില്‍ പാര്‍ക്ക് ആന്‍ഡ് റൈഡ് പദ്ധതി കൂടുതല്‍ മെട്രോസ്റ്റേഷനുകളിലേക്ക് വ്യാപിപ്പിക്കുന്നു
ലുസൈല്‍, എജുക്കേഷന്‍ സിറ്റി സ്റ്റേഷനുകളില്‍ ഉടന്‍ പാര്‍ക്കിങ് അനുവദിക്കുമെന്ന് ഗതാഗതമന്ത്രാലയം അറിയിച്ചു.
ദോഹ മെട്രോ സ്റ്റേഷനുകളില്‍ യാത്രക്കാര്‍ക്ക് സ്വന്തം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാവുന്ന പാര്‍ക്ക് ആന്‍റ് റൈഡ് പദ്ധതി കൂടുതല്‍ സ്റ്റേഷനുകളിലേക്ക് വ്യാപിപ്പിക്കുന്നു. ലുസൈല്‍, എജുക്കേഷന്‍ സിറ്റി സ്റ്റേഷനുകളില്‍ ഉടന്‍ പാര്‍ക്കിങ് അനുവദിക്കുമെന്ന് ഗതാഗതമന്ത്രാലയം അറിയിച്ചു. ദോഹ മെട്രോയിലെ അല്‍ വക്ര, അല്‍ ഖസ്സാര്‍ എന്നീ സ്റ്റേഷനുകളിലാണ് നിലവില്‍ യാത്രക്കാര്‍ക്ക് സ്വന്തം വാഹനങ്ങള്‍ സൌജന്യമായി പാര്‍ക്ക് ചെയ്യാനുള്ള സൌകര്യമുള്ളത്.
ലുസൈല്‍, എജുക്കേഷന്‍ സിറ്റി എന്നീ സ്റ്റേഷനുകളില്‍ ഉടന്‍ തന്നെ ഈ സൌകര്യം ആരംഭിക്കുമെന്ന് ഗതാഗതമന്ത്രാലയം അറിയിച്ചു. ഖത്തറിലെ ഏറ്റവും വലിയ വാണിജ്യ കേന്ദ്രമായി മാറാന്‍ ഒരുങ്ങുന്ന ലുസൈല്‍ സിറ്റിയാണ് ലോകകപ്പ് ഫുട്ബോളിന്‍റെ പ്രധാന വേദിയും. ഉദ്ഘാടന മത്സരവും ഫൈനലും നടക്കുന്നത് ലുസൈലിലാണ്. എജ്യുക്കേഷന്‍ സിറ്റിയില്‍ ലോകത്തെ മുന്‍നിര സര്‍വകാലാശലകളുടെയൊക്കെ ക്യാംപസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ഒപ്പം ലോകകപ്പിനുള്ള സ്റ്റേഡിയവും എജുക്കേഷന്‍ സിറ്റിയില്‍ ഒരുങ്ങുകയാണ്. പ്രധാനപ്പെട്ട രണ്ട് ഭാഗങ്ങളെന്ന നിലയിലാണ് ഈ രണ്ട് സ്റ്റേഷനുകളിലും സൌജന്യ പാര്‍ക്കിംങ് സ്പേസ് ഒരുക്കുന്നത്. കൂടാതെ ദോഹ മെട്രോയിലേക്ക് ജനങ്ങളെ കൂടുതലായി ആകര്‍ഷിക്കുന്നതിനും കൂടി വേണ്ടിയാണ് പാര്‍ക്ക് ആന്‍റ് റൈഡ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. അതെ സമയം യാത്രക്കാര്‍ക്ക് അവരവരുടെ താമസയിടങ്ങളില്‍ നിന്ന് തന്നെ മെട്രോ സ്റ്റേഷനുകളിലെത്തുന്നതിനായി മെട്രോ ലിങ്ക് ബസുകളും ഗതാഗത മന്ത്രാലയം ഒരുക്കിയിട്ടുണ്ട്.