പ്രവാസികള്‍ക്ക് കായികാവേശത്തിന്‍റെ പുതിയ കാഴ്ച്ചകള്‍ സമ്മാനിച്ച് ഗള്‍ഫ് മാധ്യമം ഖത്തര്‍ റണ്‍ കൊടിയിറങ്ങി
വിവിധങ്ങളായ എട്ട് വിഭാഗങ്ങളിലായി നടന്ന ഓട്ടമത്സരങ്ങളില്‍ മുപ്പതോളം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ പങ്കെടുത്തു
ഖത്തറിലെ പ്രവാസികള്‍ക്ക് കായികാവേശത്തിന്‍റെയും ആരോഗ്യചിന്തകളുടെയും പുതിയ കാഴ്ച്ചകള്‍ സമ്മാനിച്ച് ഗള്‍ഫ് മാധ്യമം ഖത്തര്‍ റണ്‍ കൊടിയിറങ്ങി. വിവിധങ്ങളായ എട്ട് വിഭാഗങ്ങളിലായി നടന്ന ഓട്ടമത്സരങ്ങളില്‍ മുപ്പതോളം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ പങ്കെടുത്തു
ജീവിതശൈലി രോഗങ്ങളെ പ്രതിരോധിച്ച് ആരോഗ്യമുള്ള ശരീരം വാര്‍ത്തെടുക്കാന്‍ ജനങ്ങളെ സജ്ജമാക്കുകയെന്ന ലക്ഷ്യവുമായാണ് ഗള്‍ഫ് മാധ്യമം ദോഹയില്‍ ഖത്തര്‍ റണ്‍ സംഘടിപ്പിച്ചത്. എട്ട് കാറ്റഗറികളിലായി നടന്ന ദീര്‍ഘദൂര ഓട്ട മത്സരങ്ങളാണ് ചാംപ്യന്‍ഷിപ്പിന്‍റെ ഭാഗമായി സംഘടിപ്പിച്ചത്.
മുപ്പതോളം രാജ്യങ്ങളില്‍ നിന്നായി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത മുന്നൂറോളം പേരാണ് ദോഹ കോര്‍ണീഷിലെ അല്‍ബിദ പാര്‍ക്കില്‍ അതിരാവിലെ നടന്ന ഖത്തര്‍ റണ്ണില്‍ ഓടാനിറങ്ങിയത്. പുരുഷന്മാരുടെ പത്ത് കിലോമീറ്റര്‍ ഓപ്പണ്‍ പുരുഷ വിഭാഗത്തില്‍ ഖത്തരി താരം ഫൈസല്‍ ഖത്‍വാനി, വനിതാവിഭാഗത്തില്‍ ജര്‍മ്മന്‍കാരി ലോറ ഡുന്‍, പത്ത് കിലോമീറ്റര്‍ മാസ്റ്റേഴ്സില്‍ ബ്രിട്ടീഷുകാരന്‍ കോജോ കെയ്റിം, സ്വീഡിഷുകാരി സാറ ടാലിയ, അഞ്ച് കിലോമീറ്റര്‍ ഓപ്പണ്‍ പുരുഷ വിഭാഗത്തില്‍ അള്‍ജീരിയയില്‍ നിന്നുള്ള സിദ് അലി, സ്ത്രീകളില്‍ ഉക്രൈന്‍ കാരി ടെറ്റിയാന പിഡോറിന, അഞ്ച് കിലോമീറ്റര്‍ മാസ്റ്റേഴ്സില്‍ അയര്‍ലന്‍റില്‍ നിന്നുള്ള സ്റ്റീവ് ക്ലൂണ്‍, സിംബാബ്‍വെയില്‍ നിന്നുള്ള ക്രിസ്റ്റി സ്കെല്‍ട്ടണ്‍, മൂന്ന് കിലോമീറ്റര്‍ ഓപ്പണ്‍ വിഭാഗത്തില്‍ ഖത്തര്‍ സ്വദേശി ഖാലിദ് അല്‍സുബെ, സ്ത്രീകളില്‍ നെതര്‍ലന്‍റുകാരി കാര്‍ലിന്‍ ബ്രോയസ് എന്നിവര്‍ ജേതാക്കളായി
മൂന്ന് കിലോമീറ്റര്‍ മാസ്റ്റേഴ്സില്‍ ആദ്യത്തെ മൂന്ന് സ്ഥാനങ്ങളും ഇന്ത്യക്കാര്‍ സ്വന്തമാക്കി. ജോര്‍ജ്ജ് സൈദാന്‍, സജീര്‍ കലന്തന്‍, ഷഹീന്‍ മുഹമ്മദ് ഷാഫി എന്നിവരാണ് ഒന്ന് മുതല്‍ മൂന്ന് വരെയുള്ള സ്ഥാനങ്ങള്‍ സ്വന്തമാക്കിയത്. ജൂനിയര്‍ കിഡ്സിനുള്ള മൂന്ന് കിലോമീറ്റര്‍ ഓട്ടത്തില്‍ ഫ്രാന്‍സിന്‍റെ ഗുല്ലിനം അലൈനറും ഇന്ത്യക്കാരി സമ സജീര്‍ കലന്തനും ഒന്നാം സ്ഥാനത്തെത്തി.
ഗള്‍ഫ് മാധ്യമം ചീഫ് എഡിറ്റര്‍ വി.കെ ഹംസ അബ്ബാസ്, ബ്രാഡ്മ ഗ്രൂപ്പ് ചെയര്‍മാന്‍ കെ.എല്‍ ഹാഷിം, ഐ.സി.ബി.എഫ് പ്രസിഡന്‍റ് പി.എന്‍ ബാബുരാജ്, ഗ്രാന്‍ഡ്മാള്‍ ഹൈപ്പര്‍ മാര്‍ക്കറ്റ് റീജ്യണല്‍ ഡയറക്ടര്‍ അഷ്റഫ് ചിറയ്ക്കല്‍, മാധ്യമം, മീഡിയവണ്‍ ഖത്തര്‍ എക്സിക്യൂട്ടീവ് കമ്മിറ്റി ചെയര്‍മാന്‍ റഹീം ഓമശ്ശേരി, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ കെ.സി അബ്ദുല്‍ ലത്തീഫ്, സിദ്ദീഖ് പുറായില്‍, ബ്രാഡ്മ ഗ്രൂപ്പ് സി.ഇ.ഒ ഹാഫിസ്, ഇന്ത്യന്‍ സ്പോര്‍ട്സ് സെന്‍റര്‍ സെക്രട്ടറി സഫീര്‍ ചേന്ദമംഗല്ലൂര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് വിജയികള്‍ക്ക് ട്രോഫികള്‍ വിതരണം ചെയ്തു.