നൂറിലധികം പരിപാടികളുടെ അകമ്പടിയോടെ ഖത്തര്‍ നാളെ ദേശീയ കായിക ദിനം ആഘോഷിക്കും
പതിവ് പോലെ പൊതു അവധി നല്‍കിയാണ് ആഘോഷ പരിപാടികള്‍ നടക്കുന്നത്
ഖത്തര്‍ ദേശീയ കായിക ദിനം നാളെ. ജനങ്ങളില്‍ ആരോഗ്യപൂര്‍ണമായ ജീവിതശൈലി വളര്‍ത്തുകയെന്ന ലക്ഷ്യവുമായി പൊതു അവധി നല്‍കിയാണ് രാജ്യം നാളെ കായിക ദിനം ആഘോഷിക്കുന്നത്. വിവിധ മന്ത്രാലയങ്ങളും കമ്പനികളും കൂട്ടായ്മകളും പ്രവാസി സംഘടനകളുടെയുമൊക്കെ നേതൃത്വത്തില്‍ നൂറില്‍പരം വ്യത്യസ്ത ആഘോഷങ്ങളാണ് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി നാളെ നടക്കുക.
ഫെബ്രുവരി പതിനൊന്നിനാണ് എല്ലാ വര്‍ഷവും ഖത്തര്‍ ദേശീയ കായിക ദിനം ആഘോഷിക്കുന്നത്. പതിവ് പോലെ പൊതു അവധി നല്‍കിയാണ് ആഘോഷ പരിപാടികള്‍ നടക്കുന്നത്. കായികാഘോഷങ്ങള്‍ക്കായി പൊതു അവധി നല്‍കുന്ന ഏക രാജ്യമെന്ന ബഹുമതിയും ഖത്തറിനാണ്.
ഖത്തറിലെ വിവിധ സര്‍ക്കാര്‍ വകുപ്പുകളും കമ്പനികളും സംഘടനകളും പ്രവാസി കൂട്ടായ്മകളും വെവ്വേറെയായി തന്നെ കായിക മേളകളും പ്രകടനങ്ങളും മത്സരങ്ങളും സംഘടിപ്പിക്കും.
രാജ്യത്തെ പ്രധാന കായിക കേന്ദ്രങ്ങളിലൊന്നായ ആസ്പയര്‍ സോണാണ് കായിക ദിനത്തിന്‍റെ പ്രധാന വേദി. ഇരുപതിലേറെ വ്യത്യസ്ത കായിക പരിപാടികളും മത്സരങ്ങളുമാണ് ആസ്പയര്‍ സോണില്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കുമായി ഒരുക്കിയിട്ടുള്ളത്.
കത്താറ കള്‍ച്ചറല്‍ വില്ലേജാണ് മറ്റൊരു പ്രധാന വേദി. എല്ലായിടങ്ങളിലും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി പ്രത്യേകം മത്സരങ്ങള്‍ സംഘടിപ്പിക്കും. ഇന്ത്യന്‍ എംബസിക്ക് കീഴിലുള്ള ഇന്ത്യന്‍ സ്പോട്സ് സെന്‍റര്‍ നടത്തുന്ന കായികദിന മത്സരങ്ങള്‍ അല്‍ അറബി സ്പോട്സ് ക്ലബില്‍ വെച്ചാണ് നടക്കുന്നത്.
വിവിധ മലയാളി പ്രവാസി സംഘടനകളും വെവ്വേറെയായി തന്നെ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. കള്‍ച്ചറല്‍ ഫോറം സംഘടിപ്പിക്കുന്ന എക്സ്പാറ്റ് സ്പോര്‍ട്ടീവ് കായികമേളയുടെ അവസാന ദിനം നാളെയാണ് നടക്കുന്നത്.
നൂറ് മീറ്റര്‍ ഓട്ടം വടംവലി തുടങ്ങി ആവേശമത്സരങ്ങളുടെയെല്ലാം ഫൈനല്‍ നാളെയാണ് നടക്കുന്നത്. ചാലിയാര്‍ ദോഹ സംഘടിപ്പിക്കുന്ന ചാലിയാര്‍ സ്പോര്‍ട്സ് ഫെസ്റ്റ് രാവിലെ ഏഴ് മണി മുതല്‍ അല്‍ വക്ര സ്പോര്‍ട്സ് ക്ലബില്‍ നടക്കും. ഒളിമ്പ്യന്‍ ടിന്‍റുലൂക്ക ചടങ്ങില്‍ മുഖ്യാതിഥിയാകും.
ആഭ്യന്തര മന്ത്രാലയം വിവിധ പ്രവാസി സമൂഹങ്ങള്‍ക്കായി നടത്തുന്ന മത്സരങ്ങളും ആഘോഷ പരിപാടികളും വിവിധയിടങ്ങിലായി നടക്കും