2019ല്‍ ഖത്തറില്‍ വാഹനാപകട നിരക്കില്‍ ഗണ്യമായ കുറവ് വന്നതായി ട്രാഫിക് വകുപ്പ്
2018നെ അപേക്ഷിച്ച് 2.8 ശതമാനം കുറവ് വാഹനാപകടങ്ങളാണ് 2019ല്‍ രാജ്യത്ത് നടന്നത്
ഖത്തറില്‍ പോയ വര്‍ഷം വാഹനാപകട നിരക്കില്‍ ഗണ്യമായ കുറവ് വന്നതായി ട്രാഫിക് വകുപ്പ്. ഇതില്‍ തന്നെ ഗുരതരമായ പരിക്കുകളുള്ള അപകടങ്ങള്‍ നന്നേ കുറവായിരുന്നുവെന്നും ട്രാഫിക് വകുപ്പ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
സ്റ്റാറ്റിസ്റ്റിക്സ് ഓഫ് ജനറല്‍ ഡയറക്ട്രേറ്റ് ഓഫ് ട്രാഫിക് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഖത്തറില്‍ 2019ല്‍ നടന്ന വാഹനാപകടങ്ങളുടെ വിവരങ്ങള്‍ വ്യക്തമാക്കുന്നത്. 2018നെ അപേക്ഷിച്ച് 2.8 ശതമാനം കുറവ് വാഹനാപകടങ്ങളാണ് 2019ല്‍ രാജ്യത്ത് നടന്നത്. ഇതില്‍ തന്നെ 97 ശതമാനം വാഹനാപകടങ്ങളിലും സാരമായ പരിക്കുകള്‍ സംഭവിച്ചവയാണ്.
ഗുരുതരമായ പരിക്കുകള്‍ പറ്റിയ അപകടങ്ങള്‍ പൂജ്യം പോയിന്‍റ് മൂന്ന് ശതമാനം മാത്രമാണ്. പൂജ്യം പോയിന്‍റ് ഒരു ശതമാനം മാത്രമാണ് റോഡപടകങ്ങളിലെ മരണനിരക്ക്. മൊത്തം 154 പേരാണ് കഴിഞ്ഞ വര്‍ഷം റോഡപകടങ്ങളില്‍ മരിച്ചത്. 2018നെ അപേക്ഷിച്ച് പതിമൂന്ന് ശതമാനത്തിന്‍റെ കുറവാണ് മരണനിരക്കില്‍ ഉണ്ടായത്.
ട്രാഫിക് ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വെച്ചാണ് പുതിയ കണക്കുകള്‍ ട്രാഫിക് വകുപ്പ് പുറത്തുവിട്ടത്. ട്രാഫിക് വിഭാഗം ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ് സാദ് അല്‍ ഖര്‍ജിയുള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ വാര‍്ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
അമിത വേഗതയും സീറ്റ് ബെല്‍റ്റിടാത്തതുമാണ് റോഡില്‍ ആളപായങ്ങള്‍ക്ക് കാരണമാകുന്നതെന്ന് അല്‍ ഖര്‍ജി പറഞ്ഞു. നിരന്തരമായ ബോധവല്‍ക്കരണങ്ങളിലൂടെയും കര്‍ശന പരിശോധനകളിലൂടെയും ഇത്തരം നിയമലംഘനങ്ങള്‍ പരമാവധി കുറച്ചുകൊണ്ടുവരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതെ സമയം രാജ്യത്തെ വാഹനപ്പെരുപ്പം 4.3 ശതമാനം വര്‍ധിച്ചതായും ഡ്രൈവിങ് ലൈസന്‍സുകള്‍ അനുവദിക്കുന്നത് 5.5 ശതമാനം കൂടിയതായും അധികൃതര്‍ അറിയിച്ചു