യൂറോപ്പിലെ ഈ വമ്പന്മാര്‍ ഫുട്ബോള്‍ മത്സരങ്ങള്‍ക്കായി ഖത്തറിലെത്തുന്നു
സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൌണാള്‍ഡോ, യുവതാരം ജൊവോ ഫെലിക്സ് എന്നിവരുടെ സാനിധ്യം പോര്‍ച്ചുഗല്‍ ടീമിനെ ശ്രദ്ധേയമാക്കുന്നു
യൂറോപ്പില്‍ നിന്നുള്ള നാല് മുന്‍നിര ദേശീയ ടീമുകള്‍ ഖത്തറില്‍ ഫുട്ബോള്‍ മത്സരങ്ങള്‍ക്കായെത്തുന്നു. നിലവിലെ ലോക റണ്ണറപ്പുകളായ ക്രൊയേഷ്യ, യൂറോ ചാംപ്യന്മാരായ പോര്‍ച്ചുഗല്‍, ശക്തരായ ബെല്‍ജിയം, സ്വിറ്റ്സര്‍ലണ്ട് എന്നീ ടീമുകളാണ് ഖത്തര്‍ എയര്‍വേയസ് ഇന്‍റര്‍നാഷണല്‍ കപ്പില്‍ പങ്കെടുക്കുന്നതിനായി അടുത്ത മാസം ദോഹയിലെത്തുന്നത്.
മാര്‍ച്ച് 26 മുതല്‍ 30 വരെ ഖത്തറിലെ വിവിധ സ്റ്റേഡിയങ്ങളിലാണ് ടൂര്‍ണമെന്‍റ് നടക്കുക. നാല് ടീമുകളിലും കളിക്കുന്ന മുന്‍നിര താരങ്ങളെല്ലാം ടീമുകള്‍ക്കൊപ്പം ഖത്തറിലെത്തും. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൌണാള്‍ഡോ, യുവതാരം ജൊവോ ഫെലിക്സ് എന്നിവരുടെ സാനിധ്യം പോര്‍ച്ചുഗല്‍ ടീമിനെ ശ്രദ്ധേയമാക്കുന്നു.
സൂപ്പര്‍ താരങ്ങളായ ഏദന്‍ ഹസാര്‍ഡ്, കോര്‍ട്ടോയിസ്, കെവിന്‍ ഡിബ്രൂയിണെ, റൊമേലു ലുക്കാക്കു തുടങ്ങിയവരെല്ലാം ബെല്‍ജിയത്തിനായി ദോഹയില്‍ ബൂട്ടുകെട്ടും. ലൂക മോഡ്രിച്ച് ഉള്‍പ്പെടെയുള്ള സൂപ്പര്‍ താരങ്ങളുടെ സാനിധ്യം ക്രൊയേഷ്യയുടെയും കരുത്താകും. മാര്‍ച്ച് 26ന് നടക്കുന്ന ആദ്യ മത്സരത്തില്‍ ക്രൊയേഷ്യ സ്വിറ്റ്സര്‍ലണ്ടിനെ നേരിടും. ജൂണോട് കൂടി ആരംഭിക്കുന്ന യൂറോകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കായുള്ള തയ്യാറെടുപ്പെന്ന നിലയില്‍ കൂടിയാണ് ടീമുകള്‍ ദോഹയിലേക്കെത്തുന്നത്.