ഖത്തറില്‍ മെര്‍സ് വൈറസ് ബാധ സ്ഥിരീകരിച്ചു

രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആരോഗ്യമന്ത്രാലയം ജനങ്ങള്‍ക്ക് മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്

Update: 2020-02-18 17:51 GMT

ഖത്തറില്‍ മെര്‍സ് വൈറസ് ബാധ സ്ഥിരീകരിച്ചു. 65 വയസ്സുള്ള ഖത്തരി സ്വദേശിയിലാണ് രോഗം കണ്ടെത്തിയതെന്ന് ആരോഗ്യമന്ത്രാലയം ട്വിറ്ററിലൂടെ അറിയിച്ചു. മെര്‍സ് എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന മിഡിലീസ്റ്റ് റെസ്പിറേറ്ററി സിന്‍ഡ്രമാണ് ഖത്തരി പൌരനില്‍ സ്ഥിരീകരിച്ചത്. കൊറോണ ഇനത്തില്‍ പെട്ട വൈറസാണ് ഇതിന് കാരണമാകുന്നതെങ്കിലും ചൈനയിലുള്‍പ്പെടെ പടര്‍ന്നുപിടിച്ച വൈറസല്ലെന്നും അധികൃതര്‍ അറിയിച്ചു.

ദേശീയ പ്രോട്ടോകള്‍ അനുസരിച്ചുള്ള അടിയന്തിര ചികിത്സയ്ക്കായി ഇദ്ദേഹത്തെ മാറ്റിയിരിക്കുകയാണ്. നഗരസഭാ പരിസ്ഥിതി മന്ത്രാലയവുമായി ചേര്‍ന്ന് ആരോഗ്യമന്ത്രാലയം രോഗം പടരാതിരിക്കാനുള്ള എല്ലാ മുന്‍കരുതലുകളും സ്വീകരിക്കുന്നുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയ്ക്ക് ഇത്തരത്തിലുള്ള മൂന്ന് കേസുകള്‍ ഖത്തറില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായും അധികൃതര്‍ അറിയിച്ചു.

Advertising
Advertising

Full View

രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആരോഗ്യമന്ത്രാലയം ജനങ്ങള്‍ക്ക് മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ശുചിത്വത്തിലും വൃത്തിയിലും അതീവ ശ്രദ്ധ പാലിക്കുക, കൈകള്‍ സ്ഥിരമായി സോപ്പുപയോഗിച്ച് കഴുകുക, ഒട്ടകങ്ങളുമായി അകലം പാലിക്കുക, കടുത്ത പനി, ചുമ, തൊണ്ടവേദന, ശ്വാസ തടസ്സം എന്നിവ അനുഭവപ്പെടുന്നുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് തന്നെ ആശുപത്രിയിലെത്തുക തുടങ്ങി കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു. അടിയന്തിര സഹായങ്ങള്‍ക്കായി 66740948 എന്ന നമ്പറിലോ 66740951 എന്ന നമ്പറിലോ ജനങ്ങള്‍ക്ക് ബന്ധപ്പെടാവുന്നതാണ്.

Tags:    

Similar News