കൊറോണ വൈറസ്; ചൈനയിലേക്ക് സൌജന്യ മരുന്നുകളുമായി കൂടുതല്‍ ഖത്തര്‍ എയര്‍വേയ്സ് വിമാനങ്ങള്‍ കൂടി പുറപ്പെടുന്നു
ഖത്തറിലെ ചൈനീസ് എംബസി, ചൈനീസ് പ്രവാസികള്‍, ഖത്തര്‍ സര്‍ക്കാര്‍, ഖത്തര്‍ എയര്‍വേയ്സ് തുടങ്ങിയവര്‍ ചേര്‍ന്നാണ് ഇത്രയും മരുന്നുകള്‍ നല്‍കുന്നത്
കൊറോണ ദുരിതം പേറുന്ന ചൈനയിലേക്ക് സൌജന്യ മരുന്നുകളുമായി കൂടുതല്‍ ഖത്തര്‍ എയര്‍വേയ്സ് വിമാനങ്ങള്‍ കൂടി പുറപ്പെടുന്നു. എട്ട് വിമാനങ്ങളാണ് നിറയെ മരുന്നുകളുമായി വരുന്ന വെള്ളിയാഴ്ച്ച ചൈനയിലേക്ക് പോകുക. കൊറോണ രോഗ ദുരിതത്തില്‍ വലയുന്ന ചൈനക്ക് വലിയ ആശ്വാസം പകര്‍ന്നാണ് ഖത്തര്‍ സൌജന്യ മരുന്നുകളുമായി വിമാനങ്ങള്‍ അയക്കുന്നത്. ദോഹയില്‍ കഴിഞ്ഞ ദിവസം നടന്ന വാര്‍ത്താസമ്മേളനത്തില്‍
ഖത്തര്‍ എയര്‍വേയ്സ് സിഇഒ അക്ബര്‍ അല്‍ ബേകിറാണ് ഇക്കാര്യം അറിയിച്ചത്. മൊത്തം എട്ട് വിമാനങ്ങളാണ് വരുന്ന വെള്ളിയാഴ്ച്ച ചൈനയിലേക്ക് തിരിക്കുക. ഇതില്‍ രണ്ടെണ്ണം തലസ്ഥാനമായ ബീജിങിലേക്കും മൂന്നെണ്ണം ഷാങ്ഹായിലേക്കും മൂന്നെണ്ണം ഗുവാങ്ഷൂയിലേക്കുമാണ് പോകുക.
ഖത്തറിലെ ചൈനീസ് എംബസി, ചൈനീസ് പ്രവാസികള്‍, ഖത്തര്‍ സര്‍ക്കാര്‍, ഖത്തര്‍ എയര്‍വേയ്സ് തുടങ്ങിയവര്‍ ചേര്‍ന്നാണ് ഇത്രയും മരുന്നുകള്‍ നല്‍കുന്നത്. ഇക്കാര്യത്തില്‍ മുന്‍കൈയെടുക്കുന്ന ചൈനീസ് പ്രവാസികളെ അഭിനന്ദിക്കുന്നതായും അവര്‍ക്ക് എല്ലാ വിധ പിന്തുണ നല്‍കുന്നതായും അക്ബര്‍ അല്‍ ബേകിര്‍ പറഞ്ഞു. എട്ട് വിമാനങ്ങളും ഒരേ സമയമാണ് ചൈനയുടെ വിവിധ ഭാഗങ്ങളിലെത്തിച്ചേരുക. ഈ സാഹചര്യത്തില്‍ ചൈനയിലേക്ക് സൌജന്യമായി മരുന്നുകളെത്തിക്കാന്‍ ഖത്തര്‍ എയര്‍വേയ്സിന് മാത്രമാണ് സാധിച്ചതെന്നും അക്ബര്‍ അല്‍ ബേകിര്‍ പറഞ്ഞു. ചൈനയിലേക്കുള്ള യാത്രാവിമാനങ്ങള്‍ മാത്രമാണ് കമ്പനി നിര്‍ത്തലാക്കിയിട്ടുള്ളതെന്നും ചരക്ക് വിമാനങ്ങള്‍ മുടക്കം കൂടാതെ തന്നെ ചൈനയിലേക്ക് സര്‍വീസ് നടത്തുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു