ഇന്ത്യക്കാർക്ക് ഖത്തറിലേക്ക് താൽക്കാലിക യാത്ര വിലക്ക് 

ഇന്ത്യക്കാർക്ക് ഖത്തറിലേക്ക് താൽക്കാലിക യാത്ര വിലക്ക്. കോവിഡ്-19 വ്യാപനത്തെ തുടർന്നാണ് നീക്കം

Update: 2020-03-08 21:17 GMT

കോവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ നിന്നുള്ളവർക്ക് ഖത്തറിലേക്ക് താൽക്കാലിക യാത്ര വിലക്ക് ഏർപ്പെടുത്തി. അവധിക്കായി നാട്ടിൽ പോയവർ, ഓൺ അറൈവൽ വിസ എടുക്കുന്നവര്‍ തുടങ്ങി എല്ലാ തരം യാത്രക്കാർക്കും വിലക്ക് ബാധകമാകും. അടുത്ത അറിയിപ്പുണ്ടാകുന്നത് വരെയാണ് വിലക്ക്.

ഇന്ത്യ ഉൾപ്പെടെ 14 രാജ്യക്കാർക്കാണ് ഇന്ന് മുതൽ ഖത്തറിലേക്ക് താൽക്കാലിക യാത്രാവിലക്ക് ഏർപ്പെടുത്തിയത്. അവധിക്കായി നാട്ടിൽ എത്തിയ തൊഴിൽ വിസയിലുള്ളവർ, സന്ദർശക വിസ, ഓൺ അറൈവൽ തുടങ്ങി എല്ലാ യാത്രകൾക്കും വിലക്ക് ബാധകമാണ്. അടുത്ത അറിയിപ്പുണ്ടാകുന്നത് വരെയാണ് വിലക്കെന്നും ഖത്തർ വിദേശ കാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

Advertising
Advertising

കോവിഡ്19 രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് ഖത്തറിന്റെ നടപടി. ഇന്ത്യക്ക് പുറമെ പാകിസ്താന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, ഫിലിപ്പൈൻസ്, തായ്‌ലൻഡ്, ദക്ഷിണ കൊറിയ, ഇറ്റലി, ഇറാഖ്, ലെബനൻ തുടങ്ങി രാജ്യക്കാർക്കെല്ലാം ഖത്തറിലേക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഖത്തറിൽ ഇതു വരെ 15 പേരിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിൽ പതിനൊന്നു പേർ സ്വദേശികളും നാല് പേർ പ്രവാസികളുമാണ്. ഇവരുടെ ആരോഗ്യ നില തൃപ്തികരമാണെന്നാണ് ആരോഗ്യ മന്ത്രാലയം നൽകുന്ന വിവരം.

ആളുകൾ ഒത്തുകൂടുന്ന വിവിധ പരിപാടികളെല്ലാം നിർത്തിവെക്കാൻ ഖത്തറിലെ ഇന്ത്യൻ എംബസി പ്രവാസി സംഘടനകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. രോഗ പ്രതിരോധ നടപടികളുടെ ഭാഗമായി നൽകുന്ന വിവിധ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ രാജ്യത്തെ ജനങ്ങളോട് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ രോഗം സ്ഥിരീകരിച്ചവരുമായി ഇടപഴകിയിട്ടുള്ളവരും രോഗലക്ഷണങ്ങൾ കാണിക്കുന്നവരും എത്രയും പെട്ടെന്ന് അടുത്തുള്ള ആശുപത്രികളിലെത്തി പരിശോധനകൾക്ക് വിധേയമാക്കണമെന്നും അടിയന്തിര സഹായങ്ങൾക്കായി 16000 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിക്കാമെന്നും മന്ത്രാലയം നിർദ്ദേശിച്ചു.

Tags:    

Similar News