കോവിഡ്-19: വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം
കോവിഡ്-19 ന്‍റെ വ്യാപനവുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങളോ വ്യാജവാര്‍ത്തകളോ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം. രോഗം സ്ഥീരീകരിച്ചയാള്‍ മരിച്ചൂവെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും വിശ്വാസ്യതയില്ലാത്ത ഇത്തരം വാര്‍ത്തകള്‍ ആരും പങ്ക് വെക്കരുതെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
കോവിഡ്-19 രോഗവ്യാപനവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവരുന്ന പ്രചാരണങ്ങളും വാര്‍ത്തകളും ആഭ്യന്തര മന്ത്രാലയം കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പ്രചരിപ്പിക്കുന്ന കാര്യങ്ങള്‍ വ്യാജമാണെന്ന് കണ്ടെത്തുന്ന പക്ഷം ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും. സത്യമല്ലാത്ത പല പ്രചാരണങ്ങളും പൊതുജനങ്ങള്‍ക്കിടയില്‍ വലിയ ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. രാജ്യത്തെ ഒരു പ്രധാന ഷോപ്പിങ് മാള്‍ പൂട്ടിയെന്ന തരത്തില്‍ വരുന്ന വാര്‍ത്ത ഇതിന് ഉദാഹരണമായി മന്ത്രാലയം ചൂണ്ടിക്കാട്ടി. മാളിന് മുന്നില്‍ നിര്‍ത്തിയിട്ട ആംബുലന്‍സ് കാണിച്ചാണ് പ്രചാരണം നടത്തുന്നത്. യഥാര്‍ത്ഥത്തില്‍ അത് മറ്റൊരു അപകടവുമായി ബന്ധപ്പെട്ട് ഒരു ഉപഭോക്താവിനെ ആശുപത്രിയിലേക്ക് മാറ്റാനെത്തിയ ആംബുലന്‍സായിരുന്നു.
മന്ത്രാലയമോ ബന്ധപ്പെട്ട വിഭാഗങ്ങള്‍ ഔദ്യോഗിക പ്ലാറ്റ്ഫോമുകളിലൂടെ നല്‍കുന്ന വിവരങ്ങള്‍ മാത്രമേ വിശ്വസിക്കാവൂവെന്നും അധികൃതര്‍ നിര്‍ദേശിച്ചു. രോഗ ബാധയുള്ളൊരാള്‍ മരിച്ചതായി പ്രചരിക്കുന്ന വാര്‍ത്തകളും തെറ്റാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.