ഖത്തറിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ മുതല്‍ അനിശ്ചിത കാല അവധി 

Update: 2020-03-09 21:23 GMT

ഖത്തറിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ മുതല്‍ അനിശ്ചിത കാലത്തേക്ക് അവധി നല്‍കി. സര്‍ക്കാര്‍, സ്വകാര്യ സ്കൂളുകള്‍ക്കും യൂണിവേഴ്സിറ്റികള്‍ക്കുമെല്ലാം അവധി ബാധകമാണ്. കോവിഡ്-19 മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് ഖത്തറിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാന്‍ വിദ്യാഭ്യാസ ഉന്നതവിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചത്. നാളെ മുതല്‍ ഇനിയൊരു അറിയിപ്പ് ലഭിക്കുന്നത് വരെയാണ് സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയിരിക്കുന്നത്. സര്‍ക്കാര്‍ സ്വകാര്യ മേഖലയിലെ എല്ലാ തരം സ്കൂളുകള്‍ക്കും ഒപ്പം യൂണിവേഴ്സിറ്റികള്‍ക്കും അവധി ബാധകമാണ്.

Advertising
Advertising

രാജ്യത്തെ മുഴുവന്‍ നഴ്സറികളും നാളെ മുതല്‍ പൂട്ടിയിടാന്‍ തൊഴില്‍ സാമൂഹ്യക്ഷേമമന്ത്രാലയവും നിര്‍ദേശം നല്‍കി. പൊതുചടങ്ങുകളോ ഒത്തുകൂടലുകളോ ഒഴിവാക്കണമെന്ന് പൊതുജനങ്ങളോട് നിര്‍ദേശിച്ചിട്ടുണ്ട്. അടിയന്തിരമല്ലാത്ത യാത്രകളും ഒഴിവാക്കണം. രാജ്യത്തെ പ്രധാന പൊതുമേഖലാ ആശുപത്രിയായ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനില്‍ ഡോക്ടര്‍മാരും നഴ്സുമാരുമുള്‍പ്പെടെയുള്ള മുഴുവന്‍ ജീവനക്കാരുടെയും വരാനിരിക്കുന്ന അവധികള്‍ റദ്ദാക്കിയിട്ടുണ്ട്. ജീവനക്കാരുടെ പൂര്‍ണമായ സേവനം അവധിദിനങ്ങളിലുള്‍പ്പെടെ ലഭ്യമാക്കുന്നതിന്‍റെ ഭാഗമായാണ് നടപടി.

Full View

അതെ സമയം പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും രാജ്യത്ത് കോവിഡിന്‍റെ വ്യാപനം വളരെ പതുക്കെയാണെന്നും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. ഏത് അടിയന്തിര സഹായങ്ങള്‍ക്കുമായി ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്‍ററും ആരോഗ്യമന്ത്രാലയം തുറന്നിട്ടുണ്ട്. 16000 എന്നതാണ് കോള്‍ സെന്‍റര്‍ സേവനങ്ങള്‍ക്കായി വിളിക്കേണ്ട ടോള്‍ ഫ്രീ നമ്പര്‍.

Tags:    

Similar News