ഖത്തറിലേക്ക് ഇറാനില്‍ നിന്നെത്തിയ 121 പേരടങ്ങുന്ന സംഘത്തെ രോഗമില്ലെന്ന് കണ്ട് വിട്ടയച്ചു
ഇവരില്‍ 11 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സാംക്രമിക രോഗചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റുകയും ബാക്കിയുള്ളവരെ ക്വാറന്‍റൈന്‍ സെന്‍ററില്‍ തന്നെ പാര്‍പ്പിക്കുകയും ചെയ്തു
ഖത്തറില്‍ രോഗം പടരുന്നതിനൊപ്പം ആശ്വാസ വാര്‍ത്തയും. ഇറാനില്‍ നിന്നെത്തി ക്വാറന്‍റൈന്‍ സെന്‍ററില്‍ കഴിഞ്ഞിരുന്ന 121 പേരടങ്ങുന്ന സംഘത്തെ രോഗമില്ലെന്ന് കണ്ട് വിട്ടയച്ചു. ഇറാനില്‍ കോവിഡ്-19 പടര്‍ന്നുപിടിച്ചതിനെ തുടര്‍ന്നാണ് അവിടെയുള്ള മുഴുവന്‍ ഖത്തരി പൌരന്മാരെയും പ്രത്യേക വിമാനത്തില്‍ കഴിഞ്ഞ മാസാവസാനത്തോടെ ദോഹയിലെത്തിച്ചത്.
ഇവരില്‍ 11 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സാംക്രമിക രോഗചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റുകയും ബാക്കിയുള്ളവരെ ക്വാറന്‍റൈന്‍ സെന്‍ററില്‍ തന്നെ പാര്‍പ്പിക്കുകയും ചെയ്തു. ഇവരില്‍ നിന്നുള്ള 121 പേരെയാണ് രോഗമില്ലെന്ന് കണ്ടെത്തി ഇന്ന് വിട്ടയച്ചത്. ദോഹയിലെ ഒറിക്സ് റൊട്ടാന ഹോട്ടലിലായിരുന്നു ഇവരെ പാര്‍പ്പിച്ചിരുന്നത്. ഇന്നലെ നടന്ന അവസാന പരിശോധനയില്‍ ഇവരുടെ എല്ലാവരുടെയും പരിശോധനാഫലം നെഗറ്റീവാണെന്ന് തെളിഞ്ഞതായി പൊതുജനാരോഗ്യവിഭാഗം ഡയറക്ടര്‍ ശെയ്ഖ് മുഹമ്മദ് ബിന്‍ ഹമദ് അല്‍ത്താനി അറിയിച്ചു. എന്നാല്‍ എല്ലാവരോടും ഒരാഴ്ച്ച കൂടി അവരവരുടെ വീടുകളില്‍ ക്വാറന്‍റൈന്‍ തുടരാനും നിര്‍ദേശിച്ചിട്ടുണ്ട്.