കോവിഡ്-19; ഖത്തറില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി
പബ്ലിക് പാര്‍ക്കുകളില്‍ കുട്ടികള്‍ക്ക് കളിക്കാനായി ഏര്‍പ്പെടുത്തിയിട്ടുള്ള കളിസ്ഥലങ്ങള്‍ അടച്ചിടാന്‍ മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയവും ഉത്തരവിട്ടു
കോവിഡ്-19 വ്യാപനം തടയുന്നതിന്‍റെ ഭാഗമായി ഖത്തറില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി. പള്ളികളില്‍ പ്രാര്‍ത്ഥനകള്‍ക്ക് പ്രത്യേക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയപ്പോള്‍ ദോഹ മെട്രോ ഇന്ന് മുതല്‍ രണ്ട് ദിവസത്തേക്ക് ഓടില്ലെന്ന് ഖത്തര്‍ റെയിലും അറിയിച്ചു
ഖത്തര്‍ മതകാര്യമന്ത്രാലയമാണ് കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പള്ളികളില്‍ വിവിധ നിയന്ത്രണങ്ങളേര്‍പ്പെടുത്തിയത്. ഇതനുസരിച്ച് പള്ളികളില്‍ ബാങ്ക് വിളി കഴിഞ്ഞ് അഞ്ച് മിനുട്ടിനകം നമസ്കാരം ആരംഭിക്കണം. നമസ്കാരം കഴിഞ്ഞ് പതിനഞ്ച് മിനുട്ടിനകം പള്ളികള്‍ പൂട്ടിയിടണം. പള്ളികളും പരിസരങ്ങളും വൃത്തിയായി സൂക്ഷിക്കണം. വാട്ടര്‍ കൂളറുകള്‍ക്കൊപ്പം വെള്ളം കുടിക്കാനായി വെക്കുന്ന കപ്പുകളും ഉപയോഗിച്ച സോപ്പുകളും ഒഴിവാക്കണം. പനി ജലദോഷം ചുമ എന്നിവയുള്ളവര്‍ പരമാവധി പള്ളികളിലേക്ക് വരുന്നത് ഒഴിവാക്കണം പള്ളികള്‍ക്കകത്തേക്ക് പരമാവധി വായുസഞ്ചാരം സാധ്യമാക്കണം എന്നിവയാണ് മതകാര്യമന്ത്രാലയത്തിന്‍റെ നിര്‍ദേശങ്ങള്‍.
പബ്ലിക് പാര്‍ക്കുകളില്‍ കുട്ടികള്‍ക്ക് കളിക്കാനായി ഏര്‍പ്പെടുത്തിയിട്ടുള്ള കളിസ്ഥലങ്ങള്‍ അടച്ചിടാന്‍ മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയവും ഉത്തരവിട്ടു. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി വാരാന്ത്യ അവധി ദിനമായ വെള്ളി ശനി ദിവസങ്ങളില്‍ ദോഹ മെട്രോ സര്‍വീസ് ഉണ്ടാവില്ലെന്ന് ഖത്തര്‍ റെയിലും അറിയിച്ചു. ഞായറാഴ്ച മുതല്‍ സര്‍വീസ് പുനരാരംഭിക്കും.
ഖത്തര്‍ ഫൌണ്ടേഷനിലെ ജീവനക്കാര്‍ വീടുകളിലിരുന്ന് ജോലിചെയ്യാന്‍ മാനേജ്മെന്‍റ് നിര്‍ദേശിച്ചു. ഖത്തര്‍ നാഷണല്‍ ലൈബ്രറി, മുല്‍ത്തഖ എന്ന പേരിലുള്ള എജ്യുക്കേഷന്‍ സിറ്റി സ്റ്റുഡന്‍റ് സെന്‍റര്‍, ഓക്സിജന്‍ പാര്‍ക്ക്, അല്‍ ശഖാബ് കുതിരയോട്ട കേന്ദ്രം, എജ്യുക്കേഷന്‍ സിറ്റി ഗോള്‍ഫ് ക്ലബ് എന്നിവയിലേക്ക് പൊതുജനങ്ങള്‍ക്കുള്ള പ്രവേശനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. എജ്യുക്കേഷന്‍ സിറ്റിയിലേക്കുള്ള ട്രാം സര്‍വീസും നിര്‍ത്തിവെച്ചിട്ടുണ്ട്