കോവിഡ്; വാടക കാലാവധി നീട്ടിനല്‍കി ബര്‍വ റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പ്
ബര്‍വയുടെ ചുവട് പിടിച്ച് കൂടുതല്‍ റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ കൂടി ഇളവുകള്‍ പ്രഖ്യാപിച്ചേക്കുമെന്ന പ്രതീക്ഷയിലാണ് പ്രവാസികളുടെതുള്‍പ്പെടെയുള്ള വാണിജ്യ സ്ഥാപനങ്ങള്‍
കോവിഡ് രോഗം വ്യാപിക്കുന്നതിനിടെ ഖത്തറിലെ വാണിജ്യസ്ഥാപനങ്ങള്‍ക്ക് ആശ്വാസം പകര്‍ന്ന് ബര്‍വ റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പ്. കമ്പനിക്ക് കീഴിലുള്ള സ്ഥാപനങ്ങളുടെ വാടക കാലാവധി നീട്ടിനല്‍കി. ആഴ്ച്ചയില്‍ രണ്ട് ദിവസം മാത്രം തുറന്നിരുന്ന പ്രദേശിക പച്ചക്കറി മാര്‍ക്കറ്റുകള്‍ ഇനി എല്ലാ ദിവസവും തുറന്നു പ്രവര്‍ത്തിക്കും.
കോവിഡ് രോഗം പകരുന്നതിന്‍റെ പശ്ചാത്തലത്തില്‍ പ്രതിസന്ധിയിലായ ഖത്തറിലെ വാണിജ്യസ്ഥാപനങ്ങള്‍ക്ക് വലിയ ആശ്വാസം പകര്‍ന്നാണ് ബര്‍വ റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പിന്‍റെ പ്രഖ്യാപനം. വാണിജ്യ മേഖലയിലെ സ്റ്റ്റോറുകള്‍, വര്‍ക്ക് ഷോപ്പുകള്‍, ഓഫീസുകള്‍ എന്നിവയുടെ വാടക മൂന്ന് മാസം കഴിഞ്ഞ് അടച്ചാല്‍ മതിയെന്നാണ് കമ്പനിയുടെ പ്രഖ്യാപനം. ബര്‍വ റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പിന് കീഴിലുള്ള സ്ഥാപനങ്ങള്‍ക്കാണ് ഇളവ് നല്‍കിയിരിക്കുന്നത്.
ബര്‍വയുടെ ചുവട് പിടിച്ച് കൂടുതല്‍ റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ കൂടി ഇളവുകള്‍ പ്രഖ്യാപിച്ചേക്കുമെന്ന പ്രതീക്ഷയിലാണ് പ്രവാസികളുടെതുള്‍പ്പെടെയുള്ള വാണിജ്യ സ്ഥാപനങ്ങള്‍. അതിനിടെ വാരാന്ത്യ അവധി ദിനങ്ങളില്‍ മാത്രം തുറന്നിരുന്ന രാജ്യത്തെ അഞ്ച് പ്രാദേശിക പച്ചക്കറി മാര്‍ക്കറ്റുകള്‍ ഇനി മുതല്‍ ആഴ്ചചയില്‍ എല്ലാ ദിവസവും പ്രവര്‍ത്തിക്കും.
അല്‍ ഷഹാനിയ, അല്‍ മസ്രൂഹ, അല്‍ വക്ര, അല്‍ ഖോര്‍, അല്‍ സഖീര, അല്‍ ഷമാല്‍ എന്നിവിടങ്ങളിലെ പച്ചക്കറി മാര്‍ക്കറ്റുകളാണ് എല്ലാ ദിവസവും പ്രവര്‍ത്തിക്കുകയെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയം അറിയിച്ചു. ദിവസവും രാവിലെ ഏഴ് മുതല്‍ ഉച്ചതിരിഞ്ഞ് മൂന്ന് വരെയാണ് മാര്‍ക്കറ്റിന്‍റെ പ്രവൃത്തി സമയം.