നിരാഹാരമിരിക്കുന്ന പി.എസ്.സി ഉദ്യോഗാര്‍ഥികളെ സന്ദര്‍ശിച്ച് രാഹുല്‍ ഗാന്ധി
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയില്‍ പങ്കെടുത്തതിന് ശേഷമാണ് രാഹുല്‍ സമരപ്പന്തലിലെത്തിയത്
തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നില്‍ നിരാഹാരമിരിക്കുന്ന പി.എസ്.സി ഉദ്യോഗാര്‍ഥികളെ സന്ദര്‍ശിച്ച് രാഹുല്‍ ഗാന്ധി എം.പി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്രയില്‍ പങ്കെടുത്തതിന് ശേഷമാണ് രാഹുല്‍ ഗാന്ധി സമരപ്പന്തലിലെത്തിയത്.
പി.എസ്.സി ഉദ്യോഗാര്‍ഥികളുടെ സമരത്തിന് നേരത്തെ തന്നെ കോണ്‍ഗ്രസ് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും കോണ്‍ഗ്രസിന്‍റെ രണ്ട് യുവ എം.എല്‍.എമാര്‍ യൂത്ത് കോണ്‍ഗ്രസിന്‍റെ സംസ്ഥാന പ്രസിഡന്‍റും വൈസ് പ്രസിഡന്‍റും നിരാഹാരമിരിക്കുകയും ചെയ്തിരുന്നു. പിന്നീട് ഒമ്പത് ദിവസത്തിന് ശേഷം അവര്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ നേരിട്ടപ്പോള്‍ യൂത്ത് കോണ്‍ഗ്രസിന്‍റെ മൂന്ന് വൈസ് പ്രസിഡന്‍റുമാര്‍ ആ സമരം ഏറ്റെടുക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധി തന്നെ നേരിട്ട് ഉദ്യോഗാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി രംഗത്തെത്തിയത്.
ഐശ്വര്യ കേരള യാത്രയുടെ സമാപനത്തില്‍ സി.പി.എമ്മിനെയും സര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിച്ചാണ് രാഹുല്‍ ഗാന്ധി പ്രസംഗിച്ചത്. അഴിമതി അന്വേഷണങ്ങളില്‍ സി.പി.എം - ബിജെപി ഒത്തുകളിയാണ് നടക്കുന്നതെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു.
ധാർഷ്ട്യത്തിന്‍റെ ശബ്ദമായിരുന്നില്ല ഐശ്വര്യ കേരള യാത്ര. മത്സ്യതൊഴിലാളികളുടെ ഉപജീവനം സംസ്ഥാന സര്‍ക്കാര്‍ നഷ്ടപ്പെടുത്തുന്നു. കേന്ദ്രം പുറത്തിറക്കിയ കർഷക ബില്ലുകൾ കർഷകരെ ഇല്ലാതാക്കും. ബിജെപിയെയും സിപിഎമ്മിനെയും രാഹുല്‍ ഗാന്ധി ഒരേ നാണയത്തില്‍ വിമര്‍ശിച്ചു.
ഇടത് പക്ഷത്തിന്‍റെ ആളാണെങ്കിൽ നിങ്ങൾക്ക് ജോലി കിട്ടും. കൊടി പിടിച്ചാൽ സ്വർണ്ണം കടത്താമെന്നുമെന്നും കൊടി പിടിക്കാത്തവർക്ക് സെക്രട്ടേറിയറ്റിന് മുന്നിൽ ഇരിക്കാമെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. നിരാഹാരം കിടക്കുന്നവർ മരിക്കാൻ പോയാലും മുഖ്യമന്ത്രിക്ക് കുലുക്കമില്ലെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.