സൗദിയിൽ ബിനാമി ബിസിനസിലൂടെ പണമയക്കൽ; വൻതുകയുമായി പ്രവാസികളും സൗദികളും പിടിയിൽ
സൗദിയിലെ അഴിമതി വിരുദ്ധ അതോരിറ്റിയാണ് സംഘത്തെ പിടികൂടിയത്.
സൗദിയിൽ ബിനാമി ബിസിനസിലൂടെ നേടിയ പണം ബാങ്കിലടക്കാൻ പോകുന്നതിനിടെ മലയാളി പ്രവാസികളടക്കം 32 പേർ അറസ്റ്റിൽ. ബാങ്ക് ഉദ്യോഗസ്ഥരും സൗദികളുമാണ് അറസ്റ്റിലായത്. സൗദിയിലെ അഴിമതി വിരുദ്ധ അതോരിറ്റിയാണ് സംഘത്തെ പിടികൂടിയത്. ബിനാമി ബിസിനസ്സിലൂടെ നേടിയ 116 കോടി റിയാൽ ബാങ്ക് ഉദ്യോഗസ്ഥരുടെ സഹായത്തോടെ വിദേശത്തേക്കയച്ചതായി കണ്ടെത്തിയിട്ടുണ്ട്. പിടികൂടുന്ന ദൃശ്യങ്ങളും പുറത്ത് വന്നു.
സൗദിയിലെ അഴിമതി വിരുദ്ധ അതോരിറ്റി പുറത്തു വിട്ട ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഈ ഇടപാടുകൾ നടന്ന ബാങ്ക് ബ്രാഞ്ചും അക്കൗണ്ടുകളും നിരീക്ഷണത്തിലായി. പിന്നാലെ കഴിഞ്ഞ ദിവസം പണവുമായി പ്രവാസികൾ ബാങ്കിലേക്ക് പുറപ്പെട്ടു. വഴിയിൽ വെച്ച് അതോരിറ്റി വാഹനം തടഞ്ഞ് പരിശോധിച്ചു.
പരിശോധനയിൽ കാറിലെ ബാഗിൽ നിന്നും 98 ലക്ഷം റിയാലും പിടികൂടി. അഞ്ച് പേരെ കാറിൽ നിന്നും അറസ്റ്റ് ചെയ്തു. ബാക്കിയുള്ളവരെ പിന്നാലെ പിടികൂടി. അറസ്റ്റിലായവരിൽ ഏഴ് പേർ ബിസിനസുകാരാണ്. രേഖകൾ കൃത്രിമമായും മറച്ചു വെച്ചും പണം നാട്ടിലയക്കാൻ സഹായിച്ച 12 ബാങ്ക് ഉദ്യോഗസ്ഥരും അകത്തായി. ഒരു പൊലീസ് ജീവനക്കാരൻ, അഞ്ച് സൗദികൾ, രണ്ട് പ്രവാസികൾ എന്നിവരാണ് പിടിയിലായ ബാക്കിയുള്ളവർ. അഴിമതി, പണംതട്ടിപ്പ്, ഹവാല ഇടപാട്, ജോലിസ്ഥാനം ദുരുപയോഗം ചെയ്യൽ എന്നിവയാണ് ഇവർക്കെതിരെ ചുമത്തിയ കുറ്റങ്ങൾ. ബിനാമി ഇടപാടുകളിൽ നിരീക്ഷണം രാജ്യത്ത് ശക്തമാണ്.