ഹൂതി ആക്രമണം: യു.എൻ രക്ഷാസമിതിക്ക് സൗദി കത്ത് നൽകി
ജിസാൻ ലക്ഷ്യമാക്കി ഹൂതികളയച്ച മിസൈൽ തകർത്തതായി സഖ്യസേന
സൗദിക്ക് നേരെ ഹൂതികൾ നടത്തുന്ന ആക്രമണങ്ങൾക്കെതിരെ നടപടി ആവശ്യപ്പെട്ട് യു.എൻ രക്ഷാസമിതിക്ക് സൗദി കത്ത് നൽകി. ആക്രമണം അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷക്കും ഭീഷണിയാണെന്ന് സൗദി വ്യക്തമാക്കി. ഇന്നലെ ജിസാൻ ലക്ഷ്യമാക്കി ഹൂതികളയച്ച മിസൈൽ തകർത്തതായി സഖ്യസേന വക്താവ് പറഞ്ഞു.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി സൗദിക്ക് നേരെ നിരന്തരം യമനിലെ ഹൂതികൾ ആക്രമണം തുടരുന്ന സാഹചര്യത്തിലാണ്, യു.എൻ രക്ഷാ സമിതിക്ക് നടപടി ആവശ്യപ്പെട്ടുകൊണ്ട് സൗദി കത്ത് നൽകിയത്. അന്താരാഷ്ട്ര സമാധാനത്തിനും, സുരക്ഷക്കും, നേരെ ഇറാൻ പിന്തുണയോടെ ഹൂതികൾ നടത്തുന്ന ആക്രമണങ്ങൾ നിർത്തലാക്കാൻ നടപടി വേണമെന്നാണ് സൗദിയുടെ ആവശ്യം, കഴിഞ്ഞ മാസം അബഹ വിമാനതാവളത്തിന് നേര ഹൂതികളുടെ ആക്രമണമുണ്ടായ സാചര്യത്തിലും നടപടി ആവശ്യപ്പെട്ട് സൗദി കത്തയച്ചിരുന്നു. യു.എന്നിലെ സൗദി പ്രതിനിധി അംബാസിഡർ അബ്ദുല്ല ബിൻ യഹ് യ അൽ മഅ്‌ലമിയാണ് കത്തയച്ചത്.
ഫെബ്രുവരി 27 ന് ഹൂതികളയച്ച മിസൈലുകൾ തകർത്തതിനെ തുടർന്ന് റിയാദിൽ ഒരു വീടിന് കേട് പാടുകൾ സംഭവിച്ചിരുന്നു. കഴിഞ്ഞ ദിവസം ജിസാൻ അതിർത്ഥി ഗ്രാമങ്ങളിൽ റോക്കറ്റ് വീണ് അഞ്ച് സിവിലിയന്മാർക്ക് പരിക്കേൽക്കുകയും, വീടുകൾക്കും, കച്ചവട സ്ഥാപനങ്ങൾക്കും, വാഹനങ്ങൾക്കും കേട് പാടുകൾ സംഭവിക്കുകയും ചെയ്തു. സൗദിക്ക് നേരെ ഹൂതികൾ നടത്തുന്ന ആക്രമണത്തെ രക്ഷാസമിതി ശക്തമായി അപലപിക്കുകയും, ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്ന് ആവശ്യപെടുകയും ചെയ്തു. എന്നാൽ അതിന് ശേഷവും ആക്രമണം തുടരുകയാണ്. ഇന്നലെ രാവിലെയും ജിസാൻ ലക്ഷ്യമിട്ട് ഹൂതികളയച്ച മിസൈൽ അയച്ചു. എന്നാല്‍ ഇത് തകർത്തതായി സഖ്യസേന വക്താവ് പറഞ്ഞു.