സ്വദേശിവത്കരണം; സൌദിയില്‍ കര്‍ശന പരിശോധന

കഴിഞ്ഞ ദിവസമാണ് 12 മേഖലയിലെ സ്വദേശിവത്കരണത്തിന്റെ ആദ്യ ഘട്ടം തുടങ്ങിയത്

Update: 2018-09-13 02:39 GMT

സൌദിയില്‍ പന്ത്രണ്ട് മേഖലയിലെ സ്വദേശിവത്കരണത്തിന്റെ ഭാഗമായുള്ള പരിശോധന രാജ്യവ്യാപകമായി തുടരുന്നു. വിവിധ പ്രവിശ്യകളില്‍ സ്വദേശിവത്കരണം ബാധകമാകുന്ന മിക്ക കടകളും അടച്ചിട്ട നിലയിലാണ്. വില്‍ക്കാന്‍ പാടില്ലാത്ത വസ്തുക്കള്‍ മാറ്റി വെച്ചാണ് ചിലര്‍ കടകള്‍ തുറന്നത്.

കഴിഞ്ഞ ദിവസമാണ് 12 മേഖലയിലെ സ്വദേശിവത്കരണത്തിന്റെ ആദ്യ ഘട്ടം തുടങ്ങിയത്. ടെക്സ്റ്റൈല്‍, വീട്ടുപകരണ, കാര്‍, ബൈക്ക് വില്‍പന മേഖലയിലാണ് സ്വദേശിവത്കരണത്തിന്റെ ആദ്യ ഘട്ടം. എഴുപത് ശതമാനം സൌദികളെ എല്ലാ സ്ഥാപനങ്ങളിലും നിയമിക്കണമെന്നതാണ് വ്യവസ്ഥ. ഇത് പാലിച്ചോയെന്ന് നോക്കാനാണ് പരിശോധന. പരിശോധനയിൽ വിവിധ സ്ഥാപനങ്ങള്‍ക്ക് പിഴയിട്ടു.

Advertising
Advertising

റിയാദ്, ജിദ്ദ, ദമ്മാം, മക്ക, മദീന പ്രവിശ്യയിലെ വിവിധ സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് നോട്ടീസ് ലഭിച്ചിട്ടുണ്ട്. വ്യവസ്ഥകള്‍ പാലിക്കാതെ പ്രവര്‍ത്തിച്ച ചില കടകള്‍ മന്ത്രാലയം അടപ്പിച്ചു. ഇവയുടെ ചിത്രങ്ങള്‍ സഹിതം മന്ത്രാലയം ട്വിറ്ററിലൂടെ പുറത്ത് വിടുന്നുണ്ട്.

Full View

ടെക്സ്റ്റൈല്‍ മേഖലയിലെ മലയാളിക്കടകള്‍ റെഡിയമെയ്ഡ് വസ്ത്രങ്ങള്‍ മാറ്റി വെച്ചാണ് വില്‍പന നടത്തുന്നത്. തുണിത്തരങ്ങള്‍ക്ക് സ്വദേശിവത്കരണം ബാധകമാണോ എന്നത് മന്ത്രാലയത്തിന്റെ കരടില്‍ നിന്നും വ്യക്തമല്ല. അതേ സമയം സ്ഥാപനത്തിന് ലഭിച്ച ലൈസന്‍സിലുള്ള വസ്തുക്കള്‍ മാത്രമേ കടയില്‍ വില്‍ക്കാവൂ. ഇതല്ലാത്തവ കണ്ടെത്തിയാല്‍ പിഴയും നിയമ നടപടിയും ഉണ്ടാകുമെന്ന് തൊഴില്‍ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

ഇഖാമയിലല്ലാത്ത ജോലി ചെയ്യുന്നവരെ കസ്റ്റഡിയിലെടുക്കുന്നതും തുടരുന്നുണ്ട്. മലയാളികള്‍ ജോലി ചെയ്യുന്ന മിക്ക കടകളും സ്പോണ്‍സര്‍മാരുടെ നിര്‍ദേശ പ്രകാരം തുറന്ന ശേഷം അടച്ചു. പരിശോധനയുടെ ഗതിയനുസരിച്ച് തീരുമാനമെടുക്കാമെന്ന നിലപാടിലാണ് ചിലര്‍. വിവിധ പ്രവിശ്യകളില്‍ സ്വദേശിവത്കരണം പാലിച്ച് മലയാളി സ്ഥാപനങ്ങള്‍ ഇന്ന് മുതല്‍ തുറന്നിട്ടുമുണ്ട്.

Tags:    

Similar News