സൗദിയില്‍ രണ്ട് വ്യത്യസ്ത അപകടങ്ങളിലായി 2 മലയാളികള്‍ മരിച്ചു

ദാരുണമായ മൂന്നു മരണങ്ങളാണ് രണ്ടു ദിവസങ്ങൾക്കുള്ളിൽ സൗദിയിൽ ഉണ്ടായത്.

Update: 2018-11-07 02:06 GMT

സൗദി അറേബ്യയിലുണ്ടായ രണ്ട് വ്യത്യസ്ത അപകടങ്ങളിലായി രണ്ടു പേർ മരിച്ചു. ജിദ്ദയിൽ ലിഫ്റ്റ് ദേഹത്ത് വീണ് മലപ്പുറം സ്വദേശിയും ഹായിലിൽ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിയുമാണ് മരിച്ചത്. രണ്ട് ദിവസങ്ങൾക്ക് മുമ്പ് ജിദ്ദയിൽ ഷോക്കേറ്റ് മറ്റൊരു യുവാവും മരിച്ചിരുന്നു.

ദാരുണമായ മൂന്നു മരണങ്ങളാണ് രണ്ടു ദിവസങ്ങൾക്കുള്ളിൽ സൗദിയിൽ ഉണ്ടായത്. ജിദ്ദയിൽ ലിഫ്റ്റ് കൺവെയർ ദേഹത്തേക്ക് വീണു മലപ്പുറം പുത്തനത്താണി കന്മനം സ്വദേശി വലിയ പീടിയേക്കൽ ഹാരിസ് മരിച്ചു. ഇന്ന് രാവിലെയാണ് സംഭവം. ഇരുപത്തി എട്ടു വയസായിരുന്നു. സാധനങ്ങൾ മാറ്റാനുപയോഗിക്കുന്ന ലിഫ്റ്റ് കൺവയർ കേടുപാടുകൾ തീർക്കുന്നതിനിടയിൽ മുകളിൽനിന്നും ദേഹത്ത് പതിക്കുകയായിരുന്നു. സനാഇയയിലെ ബിൻസാഗർ കമ്പനിയിൽ മെഷീൻ ഓപ്പറേറ്റർ ആയിരുന്നു.

Advertising
Advertising

9 വർഷങ്ങളായി സൗദിലുള്ള ഹാരിസ് യൂത്ത് ഇന്ത്യ സജീവ പ്രവർത്തകനായിരുന്നു. ഇക്കഴിഞ്ഞ ഹജ്ജ് വേളയിൽ വളണ്ടിയർ സേവനത്തിനു മുൻനിരയിലുണ്ടായിരുന്നു ഹാരിസ്. രണ്ടാഴ്ച മുമ്പാണ് നാട്ടിൽ നിന്നും അവധി കഴിഞ്ഞെത്തിയത്. അടുത്ത മാസം ഭാര്യയെയും ഒന്നര വയസുള്ള മകളെയും ജിദ്ദയിലേക്ക് കൊണ്ടുവരാനുള്ള ഒരുക്കത്തിനിടെയാണ് ദാരുണാന്ത്യം.

Full View

ഹായിൽ-റിയാദ് ഹൈവേ റോഡിൽ വെച്ചുണ്ടായ വാഹനാപകടത്തിലാണ് മറ്റൊരു മലയാളിയുടെ മരണം. കണ്ണൂർ കണ്ണാടിപറമ്പ് മാലോട്ട് സ്വദേശി 42 കാരൻ മീത്തലെപുരയിൽ അബ്ദുൽ റസാക്കാണ് മരിച്ചത്. ഇന്ന് പുലർച്ചെ ഇദ്ദേഹം സഞ്ചരിച്ച കാർ മറിഞ്ഞായിരുന്നു അപകടം. ഹായിലിൽ ദാറുഷമാൽ എന്ന പേരിൽ മൊത്തക്കച്ചവട സ്ഥാപനം നടത്തിവരികയായിരുന്നു. മൃതദേഹം തുമീർ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു.

രണ്ടു ദിവസങ്ങൾക്കു മുമ്പ് ജിദ്ദയിൽ മറ്റൊരു യുവാവ് ഷോക്കേറ്റു മരിച്ചിരുന്നു. മലപ്പുറം തുവ്വൂർ സ്വദേശി പുത്തൂർ നിയാസ് ആയിരുന്നു മരിച്ച യുവാവ്. ഇദ്ദേഹത്തിന്റെ മൃതദേഹം നാളെ നാട്ടിലേക്കു കൊണ്ടു പോവും.

Tags:    

Similar News