ആഗോള വിപണയില്‍ എണ്ണവില ഇടിയുന്നു; ആശങ്കയോടെ ഗള്‍ഫ് രാജ്യങ്ങള്‍
പ്രതിസന്ധി സൗദി അറേബ്യയുടെയും റഷ്യയുടേയും വിതരണം വര്‍ധിച്ചതിന് പിന്നാലെ
സൗദി അറേബ്യയുടെയും റഷ്യയുടേയും വിതരണം വര്‍ധിച്ചതിന് പിന്നാലെ ആഗോള വിപണിയില്‍ എണ്ണവില ഇടിയുന്നു. ഉത്പാദക രാഷ്ട്രങ്ങളുടെ വിതരണ നിയന്ത്രണ തീരുമാനത്തിന് വിരുദ്ധമാണ് നിലവിലെ ട്രന്റ്. ഇതോടെ റഷ്യയും ഒപെകും തമ്മിലുള്ള സഹകരണ കാര്യം അടുത്ത ഒപെക് യോഗത്തില്‍ സജീവ ചര്‍ച്ചയാകും.
വ്യാഴാഴ്ചയാണ് എണ്ണ ഉത്പാദക രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ഒപെകിന്റെ യോഗം. രണ്ട് കാര്യങ്ങള്‍ ചൂടേറിയ ചര്‍ച്ചയാകും. ഒന്ന്, ആഗോള എണ്ണ വിപണിയിലേക്ക് സൗദിയുടേയും റഷ്യയുടേയും എണ്ണ വിതരണം കുത്തനെ കൂടിയത്. രണ്ട് ഉത്പാദന വിതരണ നിയന്ത്രണം കൈവിട്ടതോടെ ഒപെകുമായി സഹകരണം വേണോ എന്ന റഷ്യന്‍ ചിന്ത. ഒക്ടോബറില്‍ 83 ഡോളറായിരുന്നു ബാരല്‍ എണ്ണവില. എണ്ണ വില. നിലവില്‍ വെറും 49.66 ഡോളര്‍. ഒരു വര്‍ഷത്തിനിടെയിലെ ഏറ്റവും കുറഞ്ഞ നിരക്ക്. ഇതിനാല്‍ ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്ക് കഠിന പരീക്ഷയാകും വ്യാഴാഴ്ചത്തെ ഒപെക് യോഗം. രാജ്യ രൂപീകരണത്തിന് ശേഷമുള്ള റെക്കോഡ് എണ്ണവിതരണമാണ് സൗദിയുടേത്. പ്രതിദിനം 11.2 ലക്ഷം ബാരല്‍. ഇറാനെതിരായ അമേരിക്കന്‍ നീക്കം എണ്ണ വില കൂട്ടുമെന്നായിരുന്നു സൂചന. എന്നാല്‍ രാഷ്ട്രീയ സാഹചര്യവും അമേരിക്കന്‍ പ്രസിഡണ്ട് ഡോണള്‍ഡ് അഭ്യര്‍ഥനയും കണക്കിലെടുത്ത് സൗദി വിതരണം കുത്തനെ കൂട്ടി. വിതരണ വിഷയത്തില്‍ ഇന്ന് സൗദി-റഷ്യ ഊര്‍ജ മന്ത്രിമാര്‍ ജി-ട്വന്റി ഉച്ചകോടിക്കിടെ കൂടിക്കാഴ്ച നടത്തി.
ഖത്തറില്‍ ഡിസംബര്‍ മാസം ഇന്ധന വിലയില്‍ വന്‍ കുറവ്. നവംബറിനെ അപേക്ഷിച്ച് പെട്രോളിന് 25 ദിര്‍ഹവും ഡീസലിന് 5 ദിര്‍ഹവുമാണ് ഈ മാസം കുറയുക.
പ്രീമിയം പെട്രോള്‍ ലിറ്ററിന് 1.80 റിയാലും സൂപ്പര്‍ പെട്രോളിന് 1.85 റിയാലുമാണ് കുറഞ്ഞത്. രാജ്യാന്തര എണ്ണ വിലയെ അടിസ്ഥാനമാക്കിയാണ് ഖത്തറില്‍ ഓരോ മാസവും ഇന്ധന വില നിശ്ചയിക്കുന്നത്. മാസങ്ങള്‍ക്ക് ശേഷമാണ് ഖത്തറില്‍ എണ്ണ വില ഇത്രയും താഴ്ച്ചയിലേക്ക് എത്തുന്നത്