സൗദിയിലെ ചില്ലറ വില്‍പന മേഖലയില്‍ സ്വദേശിവത്കരണം നടപ്പാക്കാന്‍ നീക്കം
വാണിജ്യ മന്ത്രി ഡോ. മാജിദ് അല്‍ ഖസബിയാണ് പുതിയ തീരുമാനം അറിയിച്ചത്
സൗദിയിലെ ചില്ലറ വില്‍പന മേഖലയില്‍ സ്വദേശിവത്കരണം നടപ്പാക്കാന്‍ നീക്കം നടക്കുന്നതായി വാണിജ്യ മന്ത്രി അറിയിച്ചു. 35,000 പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം. തുണിക്കടകളില്‍ സമ്പൂര്‍ണ സ്വദേശിവത്കരണം നടപ്പാക്കും. ഊദ്, അത്തര്‍ കടകളിലും സ്വദേശിവത്കരണം ഉടന്‍ നടപ്പാക്കും. മതിയായ ഉദ്യോഗാർത്ഥികള്‍ ഉറപ്പു വരുത്തിയ ശേഷമാകും നടപടി.
വാണിജ്യ മന്ത്രി ഡോ. മാജിദ് അല്‍ ഖസബിയാണ് പുതിയ തീരുമാനം അറിയിച്ചത്. രാജ്യത്ത് ബിനാമി ഇടപാട് നടക്കുന്ന സുപ്രധാനമായ രണ്ട് മേഖലകള്‍ ചില്ലറ വില്‍പനയും കോണ്‍ട്രാക്ടിങുമാണ്. ബിനാമി കടുത്ത കുറ്റമാണെന്ന് മന്ത്രി വിശദീകരിച്ചു. ബഖാലകളിലെ പണമിടപാട് ബാങ്ക് വഴിയാവണമെന്ന് മന്ത്രാലയം നിബന്ധന വെച്ചിട്ടുണ്ട്. തൊഴില്‍ മന്ത്രാലയവുമായി സഹകരിച്ചാണ് ബഖാലകളിലെ സ്വദേശിവത്കരണം നടപ്പാക്കുക.
35,000 പേര്‍ക്ക് ഇതുവഴി തൊഴില്‍ ലഭിക്കും. അത്തര്‍ കടകളിലെ സ്വദേശിവത്കരണത്തിന് തൊഴില്‍ മന്ത്രിയുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്. തുണിക്കടളകിലും സ്വദേശികള്‍ മാത്രം നിയമിക്കാനാണ് പദ്ധതി. ചൊവ്വാഴ്ചയാണ് ഇതുമായി ബന്ധപ്പെട്ട വിജ്ഞാപനം മന്ത്രാലയം പുറത്തിറക്കിയത്. 12 മേഖലയില്‍ നടപ്പിലാക്കിയ സ്വദേശിവത്കരണം വിപുലമാക്കിയാണ് പുതിയ പദ്ധതി. ഇതിനിടെ, സ്വകാര്യ മേഖലയിലെ ഓപറേഷന്‍, മെയ്ന്‍റനന്‍സ്, വ്യവസായ ജോലികള്‍ എന്നിവ സ്വദേശികള്‍ക്ക് പരിമിതപ്പെടുത്തണമെന്ന് ശൂറ കൗണ്‍സില്‍ അഭിപ്രായപ്പെട്ടു.