97 വര്‍ഷത്തിന് ശേഷം സൌദിയില്‍ സൂര്യഗ്രഹണം; പരീക്ഷാ സമയം മാറ്റാന്‍ ഉത്തരവ്
സൌദിയുടെ വിവിധ ഭാഗങ്ങളില്‍ സൂര്യ ഗ്രഹണം കാണാനുള്ള സൌകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്
സൂര്യഗ്രഹണം നടക്കുന്നതിനാല്‍ നാളെ നടക്കാനിരുന്ന എല്ലാ പരീക്ഷകളും രാവിലെ ഒന്പത് മണിയിലേക്ക് വെക്കാന്‍ സൌദിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മന്ത്രാലയം നിര്‍ദേശം നല്‍കി. തൊണ്ണൂറ്റിയേഴ് വര്‍ഷത്തിന് ശേഷമാണ് സൌദിയില്‍ സൂര്യഗ്രഹണം കാണാനുള്ള അവസരം. സൂര്യനെ നേരിട്ട് നോക്കുന്നത് ഒഴിവാക്കാനും ജാഗ്രത പാലിക്കാനും മുന്നറിയിപ്പുണ്ട്.
97 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സൌദിയില്‍ സൂര്യ ഗ്രഹണം നേരിട്ട് എത്തുന്നത്. ആറു മാസത്തിനുള്ളിൽ സൗദിയിൽ രണ്ടു വലയ ഗ്രഹണങ്ങളാണ് വരാനിരിക്കുന്നത്. ആദ്യത്തേത് നാളെയും രണ്ടാമത്തേത് 2020 ജൂൺ 21നുമാണ്. പുലര്‍ച്ചെ 5.30 മുതല്‍ സൌദിയുടെ വിവിധ ഭാഗങ്ങളില്‍ ഗ്രഹണം കാണാം. കണ്ണുകള്‍ കൊണ്ട് നേരിട്ട് സൂര്യനെ നോക്കരുതെന്ന് മുന്നറിയിപ്പുണ്ട്. ഗുരുതര ആരോഗ്യ പ്രയാസങ്ങള്‍ ഇത് സൃഷ്ടിക്കും. ഇതിനാല്‍, സണ്‍ഗ്ലാസോ നിരീക്ഷണ ഉപകരണങ്ങളോ ഉപയോഗിക്കാം.
രാജ്യത്തെ വിവിധ സര്‍വകലാശാലകളില്‍ ഇതിനുള്ള സൌകര്യമുണ്ടാകും. ഹുഫൂഫിൽ രാവിലെ 6.28 ന് ഭാഗിക ഗ്രഹണത്തോടെ സൂര്യൻ ഉദിക്കും. ഇവിടെ 91 ശതമാനം വരെ ഗ്രഹണമുണ്ടാകും. 6.35 ന് ആരംഭിക്കുന്ന വലയ ഗ്രഹണം 7.37 ന് അവസാനിക്കും. ചന്ദ്രന്റെ നിഴൽ കേന്ദ്രം കടന്നു പോകുന്ന അറബ് ലോകത്തെ ഏക പ്രദേശം ഹുഫൂഫായിരിക്കും. ഭാഗിക ഗ്രഹണം ഒരു മണിക്കൂറും 20 മിനിട്ടും തുടരും. സൌദിയുടെ ഭൂരിഭാഗം പ്രദേശത്ത് നിന്നും ഇത് വീക്ഷിക്കാം. അതിരാവിലെ നടക്കുന്ന എല്ലാ പരീക്ഷകളും രാവിലെ ഒമ്പതിലേക്ക് മാറ്റാന്‍ മന്ത്രാലയം ഉത്തരവിട്ടു.