സൗദി അറേബ്യക്ക് 2019 ആശങ്കളും പ്രതീക്ഷകളും നിറഞ്ഞ വര്‍ഷമായിരുന്നു
സൗദി അറേബ്യക്ക് 2019 ആശങ്കളും പ്രതീക്ഷകളും നിറഞ്ഞ വര്‍ഷമായിരുന്നു. ടൂറിസ്റ്റുകളെയും സ്വദേശികളേയും ലക്ഷ്യം വെച്ചുള്ള പരിഷ്കരണങ്ങളുടേതായിരുന്നു ആദ്യ മാസങ്ങള്‍. അരാംകോക്ക് നേരെ നടന്ന ആക്രമണവും ഖശോഗി വധക്കേസിലെ വിധിയും അവസാന മാസങ്ങളില്‍ നിറഞ്ഞു.
ജനുവരി മുതല്‍ ടൂറിസ്റ്റുകളെ ലക്ഷ്യം വെച്ചുള്ള വിവിധ വിസകളിറങ്ങി. സെപ്തംബര്‍ 17ന് സൗദിയിലേക്കുള്ള ഹജ്ജ്-ഉംറ-ടൂറിസം വിസ ഫീസുകള്‍ ഏകീകരിച്ചു.
സ്ത്രീകള്‍ക്ക് പുരുഷന്റെ കൂടെ മാത്രമേ വിദേശ യാത്ര പാടുള്ളൂ എന്ന നിയമം ആഗസ്റ്റ് 20ന് രാജ്യം എടുത്തു കളഞ്ഞു. ലോക മനുഷ്യാവകാശ സംഘടനകളുടെയും സ്ത്രീകളുടേയും ആവശ്യം പരിഗണിച്ചായിരുന്നു തീരുമാനം.
ലോകത്തെയടക്കം ഞെട്ടിച്ച് ലോകത്തെ ഏറ്റവും വലിയ എണ്ണ സംസ്കരണ കേന്ദ്രമായ സൌദി അരാംകോയില്‍ സെപ്തംബര്‍ 14ന് ആക്രമണം. ഹൂതികള്‍ ഉത്തരവാദിത്തമേറ്റെങ്കിലും, സൌദിയുടേയും യു.എസിന്റേയും അന്വേഷത്തില്‍ പിന്നില്‍ പ്രവര്‍ത്തിച്ചത് ഇറാനാണെന്ന് കണ്ടെത്തി.
സെപ്തംബര്‍ 28ന് സല്‍മാന്‍ രാജാവിന്റെ അംഗരക്ഷകന്‍ അബ്ദുല്‍ അസീസ് അല്‍ ഫഹം സുഹൃത്തിന്റെ വെടിയേറ്റ് മരിച്ചു. ഭരണത്തിലേറിയതു മുതല്‍ രാജാവിന്റെ അംഗരക്ഷനായിരുന്നു ഫഹം.
മക്ക, മദീന ഹറമുകളെ ബന്ധിപ്പിക്കുന്ന ഹറമൈന്‍ ട്രെയിന്‍ സര്‍വീസ് ജിദ്ദ സ്റ്റേഷനിലുണ്ടായ തീപിടുത്തത്തെ തുടര്‍ന്ന് നിര്‍ത്തി വെച്ചു. സെപ്തംബര്‍ 29ന് ജിദ്ദയിലുണ്ടായ തീപിടുത്തത്തോടെ ട്രെയിന്‍ സര്‍വീസ് രണ്ടു മാസം മുടങ്ങി. ഡിസംബറില്‍ പുനസ്ഥാപിച്ചു.
യമന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന കരാര്‍ നവംബര്‍ 5ന് ഒപ്പുവെച്ചു. തെക്കന്‍ വിഭജനവാദികളും യമന്‍ ഭരണകൂടവും തമ്മിലായിരുന്നു കരാര്‍.
ലോകത്തെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ സൗദി അരാംകോ ഡിസംബര്‍ 10ന് ഓഹരി വിപണിയില്‍ പ്രവേശിച്ചു. ഏറ്റവും വലിയ ഓഹരിയെന്ന ലോക റെക്കോര്‍ഡ് മറികടന്നായിരുന്നു ഇത്.
ഡിസംബര്‍ 24ന് മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖശോഗി വധക്കേസില്‍ അഞ്ച് പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചു. മൂന്ന് പ്രതികള്‍ക്ക് 24 വര്‍ഷം തടവ് ശിക്ഷയും. റിയാദ് ക്രിമിനല്‍ കോടതിയുടേതായിരുന്നു വിധി.