സൗദിയിലെത്തുന്ന വിദേശികളായ ഉംറ തീര്‍ത്ഥാടകര്‍ക്കുള്ള ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി പ്രാബല്യത്തില്‍
സൗദിയിലെത്തുന്ന വിദേശികളായ ഉംറ തീര്‍ത്ഥാടകര്‍ക്കുള്ള ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിലായി.
സൗദിയിലെത്തുന്ന വിദേശികളായ ഉംറ തീര്‍ത്ഥാടകര്‍ക്കുള്ള ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിലായി. ഹജ്ജ് ഉംറ മന്ത്രാലയം, തവുനിയ ഇന്‍ഷൂറന്‍സ് കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. 189 റിയാലാണ് ഒരുമാസത്തെ ഇൻഷൂറൻസ് പോളിസിക്ക് ഓരോ പാസ്‌പോര്‍ട്ട് ഉടമയും അടക്കേണ്ടത്. നിലവിൽ ഉംറ വിസ സ്റ്റാമ്പ് ചെയ്യുന്നതിന് ഏകദേശം 13000ത്തോളം രൂപയാണ് ചെലവ്. ഇതിന് പുറമെ ഓരോ പാസ്പോർട്ടിനും 189 റിയാൽ വീതം ഇൻഷൂറൻസിനായി അടക്കണം.
ഇത് വഴി അത്യാവശ്യ ഘട്ടങ്ങളിലെ ചികിത്സയുൾപ്പെടെ 1 ലക്ഷം റിയാലിൻ്റെ നഷ്ടപരിഹാരം തീർത്ഥാടകന് ലഭിക്കും. കഴിഞ്ഞ ഡിസംബർ 11നാണ് തവുനിയ ഇൻഷൂറൻസ് കമ്പനിയുമായി ഹജ്ജ് ഉംറ മന്ത്രി ഇത് സംബന്ധിച്ച കരാറിൽ ഒപ്പുവെച്ചത്. 30 ദിവസത്തേക്കാണ് ഇൻഷൂറൻസ് പരിരക്ഷ ലഭിക്കുക. തീര്‍ത്ഥാടകര്‍ സൗദിയിലെത്തുന്നത് മുതല്‍ രാജ്യം വിടുന്നത് വരെയുള്ള കാലത്തേക്കാണ് പദ്ധതിയുടെ ആനുകൂല്യം.
വിവിധ ആരോഗ്യ പ്രശ്നങ്ങൾക്കും, അപകടത്തിലോ, ദുരന്തങ്ങളിലോ അകപ്പെട്ടാൽ ആശുപത്രികളിലേക്ക് കൊണ്ടുപോകുന്നതിനും ചികിത്സിക്കുന്നതിനുമുള്ള പരിരക്ഷ ഇൻഷൂറൻസ് വഴി ലഭിക്കും, കൂടാതെ വിമാനം വൈകുക, യാത്ര റദ്ധാക്കുക, എയർപോർട്ടുകളിൽ ദീർഘനേരം കാത്തിരിക്കേണ്ടി വരിക, ബാഗേജ് നഷ്ടപ്പെടുക തുടങ്ങി യാത്രക്കിടെയിലുണ്ടാകുന്ന പ്രയാസങ്ങൾക്കും ഇൻഷൂറൻസ് വഴി നഷ്ടപരിഹാരം ലഭിക്കും. തീര്‍ത്ഥാടകന്‍ മരണപ്പെട്ടാല്‍ മൃതശരീരം നാട്ടിലേക്ക് തിരിച്ചയക്കാന്‍ 10,000 റിയാല്‍ വരെയും അപകടമരണത്തിന് ഒരു ലക്ഷം റിയാല്‍ വരെയും നഷ്ടപരിഹാരം ലഭിക്കുന്നതാണ് പദ്ധതി.