പശ്ചിമേഷ്യയിലെ പുകയുന്ന സാഹചര്യം; സൗദി കിരീടാവകാശിയും യു.എസും തമ്മില്‍‌ ചര്‍ച്ച നടത്തി 

ഇറാന്‍ സൈനിക ജനറല്‍ ഖാസിം സുലൈമാനിയെ വ്യോമാക്രമണത്തില്‍ കൊലപ്പെടുത്തിയതിന് പിന്നാലെ സൗദി കിരീടാവകാശിയും യുഎസും തമ്മില്‍‌ ചര്‍ച്ച നടത്തി.

Update: 2020-01-04 20:11 GMT

ഇറാന്‍ സൈനിക ജനറല്‍ ഖാസിം സുലൈമാനിയെ വ്യോമാക്രമണത്തില്‍ കൊലപ്പെടുത്തിയതിന് പിന്നാലെ സൗദി കിരീടാവകാശിയും യു.എസും തമ്മില്‍‌ ചര്‍ച്ച നടത്തി. മേഖലയില്‍ സംഘര്‍ഷമില്ലാതിരിക്കാന്‍ എല്ലാ കക്ഷികളും സമാധാനം പാലിക്കണമെന്ന് സൗദി അറേബ്യ ആവശ്യപ്പെട്ടു. മേഖലയിലെ അസ്ഥിരത ആഗോള വ്യാപാരത്തെ തന്നെ ഗുരുതരമായി ബാധിക്കാനിടയുള്ളതിനാല്‍ ലോക രാജ്യങ്ങള്‍ ഇടപെടണമെന്നും സൗദി വിദേശ കാര്യമന്ത്രാലയം അഭ്യര്‍ഥിച്ചു.

മേഖലയില്‍ ഇറാന്‍ നടത്തിയ ഭീകരവാദ പ്രവര്‍ത്തനങ്ങളുടെ അനന്തര ഫലമാണ് ഇറാഖിലുണ്ടായതെന്നാണ് സൗദി അറേബ്യയുടെ വിലയിരുത്തല്‍. വിഷയം സംബന്ധിച്ച് പലപ്പോഴായി സൗദി അറേബ്യ നല്‍കിയ മുന്നറിയിപ്പുകള്‍ തീവ്രവാദ പ്രവര്‍ത്തനം നടത്തുന്നവര്‍ അവഗണിച്ചു. ഇറാന്‍ മേഖലയെ അസ്ഥിരപ്പെടുത്തുന്ന നീക്കങ്ങള്‍ക്ക് തടയിടണം. ഇറാഖിലുണ്ടായ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ മേഖല ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് വേദിയാകാനിടയുണ്ട്.

Advertising
Advertising

ഇതിനാല്‍ സംയമനം പാലിക്കണമെന്നും മേഖലയിലെ സമാധാനത്തിന് ലോക രാജ്യങ്ങള്‍ നടപടി കൈകൊള്ളണമെന്നും സൗദി വിദേശകാര്യ സഹമന്ത്രി ആദില്‍ അല്‍ ജുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിനിടെ പ്രശ്നം ചര്‍ച്ച ചെയ്യാന്‍ സൗദി കിരീടാവകാശിയും യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോയും ചര്‍ച്ച നടത്തി. സംഘര്‍ഷം കുറക്കുന്നതിനാവശ്യമായ നടപടികളാണ് ഇരുവരും ഫോണില്‍ ചര്‍ച്ച ചെയ്തതെന്ന് സൗദി പ്രസ് ഏജന്‍സി അറിയിച്ചു.

ഇതിന് പിന്നാലെ സംഘര്‍ഷ സാഹചര്യം ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ യു,എസ് പ്രതിജ്ഞാബദ്ധമാണെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് മോര്‍ഗന്‍ ഓര്‍ട്ടാഗസ് പറഞ്ഞു.

Tags:    

Similar News