സൗദിയില്‍ സ്വകാര്യ മേഖലയില്‍ സ്വദേശിവല്‍ക്കരണം നടപ്പിലാക്കുന്നു

തൊഴിലവസരങ്ങള്‍ പരസ്യപ്പെടുത്തണമെന്ന് മന്ത്രാലയത്തിന് കീഴിലെ മാനവ വിഭവ ശേഷി നിധി (ഹദഫ്) തൊഴില്‍ സ്ഥാപനങ്ങളോട് നിര്‍ദേശിച്ചു.

Update: 2020-01-08 20:07 GMT

സൗദിയില്‍ സ്വകാര്യ മേഖലയില്‍ കൂടുതല്‍ സ്വദേശിവല്‍ക്കരണം നടപ്പിലാക്കുന്നു. സ്വകാര്യ സ്ഥാപനങ്ങളിലെ ഓപ്പറേഷന്‍സ്, മെയിന്റനന്‍സ് ജോലികളില്‍ സ്വദേശികള്‍ക്ക് കൂടുതല്‍ അവസരം നല്‍കുന്നതിനാണ് പുതിയ പദ്ധതി. ഈ മേഖലകളിലെ ഒഴിവുകളില്‍ ഇനി മന്ത്രാലയത്തിന്റെ അനുമതിയോടുകൂടി മാത്രമേ നിയമനം സാധ്യമാകൂ.

തൊഴില്‍ സാമൂഹ്യകാര്യ മന്ത്രാലയമാണ് സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. സ്വകാര്യ മേഖലയിലെ ഓപറേഷന്‍, മെയിന്റനന്‍സ് ജോലികളില്‍ കൂടുതല്‍ സ്വദേശിവത്ക്കരണം നടപ്പിലാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് മന്ത്രാലയത്തിന്റെ പുതിയ പദ്ധതി. സ്വകാര്യ സ്ഥാപനങ്ങളിലെ ഓപ്പറേഷന്‍, മെയിന്റനന്‍സ് ജോലികളില്‍ വരുന്ന തൊഴിലവസരങ്ങള്‍ പരസ്യപ്പെടുത്തണമെന്ന് മന്ത്രാലയത്തിന് കീഴിലെ മാനവ വിഭവ ശേഷി നിധി (ഹദഫ്) തൊഴില്‍ സ്ഥാപനങ്ങളോട് നിര്‍ദേശിച്ചു.

Advertising
Advertising

Full View

സ്വകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ച് സ്വദേശി യുവാക്കള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുക, പുതിയ തൊഴില്‍ അന്വേഷകര്‍ക്ക് തൊഴില്‍ ലഭ്യമാക്കുക, ഓപറേഷന്‍, മെയിന്റനന്‍സ് ജോലികളില്‍ സ്വദേശികളുടെ അനുപാതം വര്‍ധിപ്പിക്കുക, ഭാവിയില്‍ ഇത്തരം ജോലികളില്‍ പൂര്‍ണമായ സ്വദേശിവത്ക്കരണം നടപ്പിലാക്കുക എന്നിവ ലക്ഷ്യമിട്ടാണ് പദ്ധതിയെന്നും ഹദഫ് വ്യക്തമാക്കി. മന്ത്രാലയത്തിന്റെ 'തഖാത്' (www.taqat.sa) പോര്‍ട്ടല്‍ വഴി തൊഴിലവസരങ്ങള്‍ ഇനി പരസ്യം ചെയ്യണം.

ഈ മേഖലയിലേക്ക് കൂടുതല്‍ സ്വദേശി തൊഴിലന്വേഷകരെ ആകര്‍ഷിക്കുവാനും രാഷ്ട്രത്തിന്റെ സാമ്പത്തിക മേഖലക്ക് മുതല്‍ക്കൂട്ടാവാനും ഇതിലൂടെ സാധിക്കുമെന്നും തൊഴില്‍ മാന്ത്രാലയം പ്രതീക്ഷിക്കുന്നു. ദേശീയ പരിവര്‍ത്തന പദ്ധതിയായ വിഷന്‍ 2030ന്റെ ഭാഗമായി ഓപറേഷന്‍, മെയിന്റനന്‍സ് മേഖലയില്‍ സ്വദേശിവത്ക്കരണം നടപ്പാക്കുമെന്ന് തൊഴില്‍ സാമൂഹ്യ കാര്യ മന്ത്രി മാസങ്ങള്‍ക്ക് മുമ്പ് പ്രഖ്യാപിച്ചിരുന്നു.

Tags:    

Similar News