പൗരത്വ നിയമ ഭേദഗതിക്കെതിരെ പോരാട്ടം ശക്തമാക്കും; ചെന്നിത്തല സൗദിയില്‍
‘രാജ്യത്തെ പ്രക്ഷോഭങ്ങള്‍ ശുഭസൂചനയാണ് നല്‍കുന്നത്’
പൗരത്വ നിയമ ഭേദഗതിക്കെതിരെ നിയമപരമായും ജനാധിപത്യപരമായും പോരാട്ടം ശക്തമാക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രക്ഷോഭങ്ങള്‍ക്ക് ദേശീയ തലത്തില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുമെന്നും ഇതിന്റെ ഭാഗമായി അടുത്ത തിങ്കളാഴ്ച ദേശീയ തലത്തിലെ പ്രതിപക്ഷ കക്ഷികളുടെ യോഗം വിളിച്ചിട്ടുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മഹാത്മാ ഗാന്ധിയുടെ ജന്മ വാര്‍ഷികത്തില്‍ പങ്കെടുക്കുന്നതിന് സൗദിയിലെ ദമ്മാമിലെത്തിയതായിരുന്നു പ്രതിപക്ഷ നേതാവ്.
രാജ്യത്തെ പ്രക്ഷോഭങ്ങള്‍ ശുഭസൂചനയാണ് നല്‍കുന്നതെന്നും ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുന്ന കരിനിയമങ്ങള്‍ക്കെതിരെ ജനങ്ങള്‍ തന്നെ സംഘടിക്കുന്നതാണ് രാജ്യം കണ്ട് കൊണ്ടിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പൗരത്വ ഭേദഗതി നിയമം രാജ്യം അറബിക്കടലില്‍ വലിച്ചെറിയുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
ശബരിമല വിഷയത്തില്‍ സര്‍ക്കാറിന്റെ പുതിയ തീരുമാനം മലക്കം മറിച്ചിലാണെന്നും ജനങ്ങളോട് സര്‍ക്കാര്‍ മാപ്പ് പറയണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. നാളെ ദമ്മാമില്‍ ഒ.ഐ.സി.സി സംഘടിപ്പിക്കുന്ന മഹാത്മാഗാന്ധിയുടെ നൂറ്റി അമ്പതാം ജന്മവാര്‍ഷികത്തില്‍ പ്രതിപക്ഷ നേതാവ് പങ്കെടുക്കും.