സൗദി കിഴക്കന്‍ പ്രവിശ്യയിലെ ജയിലില്‍ കഴിയുന്നത് 190 ഇന്ത്യക്കാര്‍

ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരും സാമൂഹ്യ പ്രവര്‍ത്തകരും ചേര്‍ന്ന് നടത്തിയ ജയില്‍ സന്ദര്‍ശനത്തെ തുടര്‍ന്നാണ് തടവുകാരുടെ വിവരങ്ങള്‍ ശേഖരിച്ചത്

Update: 2020-01-09 18:59 GMT

സൗദി കിഴക്കന്‍ പ്രവിശ്യയിലെ ജയിലില്‍ 190 ഇന്ത്യക്കാര്‍ കഴിയുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ എംബസി ജയില്‍ വിഭാഗം ഉദ്യോഗസ്ഥര്‍ നടത്തിയ ജയില്‍ സന്ദര്‍ശനത്തിലാണ് തടവുകാരുടെ വിവരങ്ങള്‍ ശേഖരിച്ചത്. തടുകാരില്‍ അമ്പതോളം പേര്‍ മലയാളികളാണ്.

ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരും സാമൂഹ്യ പ്രവര്‍ത്തകരും ചേര്‍ന്ന് നടത്തിയ ജയില്‍ സന്ദര്‍ശനത്തെ തുടര്‍ന്നാണ് തടവുകാരുടെ വിവരങ്ങള്‍ ശേഖരിച്ചത്. കൊലപാതകം, മയക്കുമരുന്ന്, ഹവാല, ബിനാമി കച്ചവടം, സാമ്പത്തിക കുറ്റകൃത്യം, മദ്യക്കടത്തും ഉല്‍പാദനവും തുടങ്ങിയ കേസുകളില്‍ ശിക്ഷിക്കപ്പെട്ടവരാണ് ജയിലില്‍ കഴിയുന്നത്.

Advertising
Advertising

ഓരോ തടവുകാരന്റെയും കേസുകളുടെ കൃത്യമായ വിവരങ്ങള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് ജയില്‍ സന്ദര്‍ശനം സംഘടിപ്പിച്ചത്. ഏറ്റവും കൂടുതല്‍ പേര്‍ ശിക്ഷ അനുഭവിക്കുന്നത് മദ്യവുമായി ബന്ധപ്പെട്ട കേസുകളിലാണ്. ഇവരില്‍ കൂടുതല്‍ പേരും മലയാളികളാണ്. അമ്പതോളം ചെറുപ്പക്കാരാണ് മദ്യവുമായി ബന്ധപ്പെട്ട കേസില്‍ പുതുതായി ജയിലിലെത്തിയത്.

നേപ്പാളിയുമായി ചേര്‍ന്ന് മദ്യ വാറ്റിന് രഹസ്യ നിര്‍മ്മാണ കേന്ദ്രം സ്ഥാപിച്ച കേസില്‍ പിടിയിലായ മലയാളിയും കൂട്ടത്തിലുണ്ട്. മദ്യവുമായി വന്ന സുഹൃത്തിനെ വാഹനത്തില്‍ കയറ്റിയതിന് പിടിയിലായ തമിഴ്‌നാട് സ്വദേശിയും ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്നുണ്ട്. സ്വകാര്യ സ്ഥാപനത്തില്‍ ഉയര്‍ന്ന ഉദ്യോഗം വഹിച്ചിരുന്ന വ്യക്തിയാണ് ഇദ്ദേഹം. സമാന സംഭവത്തില്‍ രണ്ട് മലയാളികളും ശിക്ഷ അനുഭവിക്കുന്നുണ്ട്.

Full View

തടവുകാരുടെ വിവരങ്ങള്‍ ശേഖരിച്ച് നിയമ സഹായം അനിവാര്യമായ കേസുകളില്‍ സഹായം ഉറപ്പ് വരുത്തി മോചനം സാധ്യമാക്കുന്നതിന്റെ ഭാഗമാണ് എംബസി അതികൃതരുടെ ജയില്‍ സന്ദര്‍ശനം. ഉദ്യോഗസ്ഥരായ വസിയുല്ലാഖാന്‍, രാജീവ് രഞ്ജന്‍, ധര്‍മജന്‍, സുകുമാരന്‍ എന്നിവരും, സാമൂഹ്യ പ്രവര്‍ത്തകരായ ഷാജി വയനാട്, മണിക്കുട്ടന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു. ജയില്‍ മേധാവി കേണല്‍ മുഹമ്മദ് അലി അല്‍ഹാജിരിയുമായും സംഘം കൂടിക്കാഴ്ച നടത്തി.

Tags:    

Similar News